ശ്രീനഗർ: കനത്ത മഞ്ഞ് വീഴ്‌ചക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം. ശ്രീനഗറിലെ ഷേര്‍-ഇ-കശ്‌മീര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമ്മേളനം. 'ഇവിടെയുള്ള ജനങ്ങള്‍ തനിക്ക് ഗ്രനേഡ് നല്‍കിയില്ല, മറിച്ച് ഹൃദയം നിറയെ സ്‌നേഹമാണ് നല്‍കിയതെന്ന് ആയിര കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്‌ത് രാഹുല്‍ ഗാന്ധി പറഞ്ഞു'. കശ്‌മീരിൽ താന്‍ ആക്രമിക്കപ്പെടുമെന്ന് എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ ഇവിടെയുള്ള ആളുകൾ എനിക്ക് സ്നേഹം മാത്രമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ എനിക്കൊപ്പം ഇപ്പോള്‍ തടിച്ച് കൂടിയിരിക്കുന്നത് കനത്ത മഞ്ഞ് വീഴ്‌ചയിലാണ്. പക്ഷേ നിങ്ങള്‍ക്കിപ്പോള്‍ തണുപ്പ് അനുഭവപ്പെടുന്നില്ലെന്ന് എനിക്കറിയാം. അത് മാത്രമല്ല ചൂടുള്ളപ്പോള്‍ ചൂടും തണുപ്പുള്ളപ്പോള്‍ തണുപ്പും നിങ്ങള്‍ക്ക് അനുഭവപ്പെടില്ല. കാരണം രാജ്യത്തിന്‍റെ ശക്തി നിങ്ങളോടൊപ്പമുണ്ട്. ഭാരത് ജോഡോ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തന്‍റെ ലക്ഷ്യം കൈവരിക്കാൻ സഹായിച്ചത് 'യാത്രികരുടെ' ആത്മാവാണെന്ന് അദ്ദേഹം പറഞ്ഞു.
'ദിവസവും എട്ട് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ ഓടുന്ന എനിക്ക് കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെയുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കുട്ടിക്കാലത്ത് തന്‍റെ കാല്‍ മുട്ടിനേറ്റ ക്ഷതത്തെ കുറിച്ച് താന്‍ മറന്ന് പോയത് കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും' അദ്ദേഹം പറഞ്ഞു. യാത്ര തുടങ്ങി കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും തനിക്ക് കാല്‍മുട്ടില്‍ വേദന തുടങ്ങിയിരുന്നു.
ഇനി നടക്കാനുള്ള ഏഴ് മണിക്കൂര്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ ഒരു പെണ്‍കുട്ടി തന്‍റെ അടുക്കലേക്ക് ഓടി വന്ന് തനിക്കൊരു കുറിപ്പ് നല്‍കി എന്നെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് ഉടന്‍ തന്നെ തിരിച്ചോടി പോയി. 'നിങ്ങളുടെ കാല്‍മുട്ട് വേദനിക്കുന്നത് എനിക്ക് കാണാം. കാരണം കാലില്‍ സമ്മര്‍ദം ചെലുത്തുമ്പോഴുണ്ടാകുന്ന ആ വേദന നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കുന്നത് എനിക്ക് കാണാനാകുന്നുണ്ട്. എനിക്ക് നിങ്ങളോടൊപ്പം നടക്കാനാകില്ല. എന്നാല്‍ എന്‍റെ ഹൃദയം കൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ നടക്കുന്നുണ്ട്. കാരണം നിങ്ങള്‍ നടക്കുന്നത് എനിക്കും എന്‍റെ ഭാവിയ്‌ക്കും വേണ്ടിയാണെന്ന് എനിക്കറിയാം' എന്നായിരുന്നു ആ കുറിപ്പിലെ ഉള്ളടക്കമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കുറിപ്പ് വായിച്ച നിമിഷം മുതല്‍ തന്‍റെ വേദന അപ്രത്യക്ഷമായെന്നും പറഞ്ഞു.