ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എത്തി. രാജ്യത്ത് ഭയവും അക്രമവും പടര്‍ത്താനാണ് ആര്‍എസ്എസ് ബിജെപി എന്നിവര്‍ ശ്രമിക്കുന്നതെന്നും യഥാര്‍ഥ ഇന്ത്യ എന്ന ആശയത്തിന് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത് ഭാരത് ജോഡോ യാത്രയിലൂടെയാണ് എന്നും ഭരണകക്ഷിയെ കടന്നാക്രമിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭദ്രാപൂര്‍ മെട്രോ സ്‌റ്റേഷനില്‍ സ്വീകരിക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രയില്‍ സ്‌നേഹവും ബഹുമാനവും മാത്രം:ആര്‍എസ്എസിന്‍റെ വിദ്വേഷ മാര്‍ക്കറ്റില്‍ സ്‌നേഹത്തിന്‍റെ വിപണി തുറന്നിരിക്കുകയാണ്. ഈ യാത്രയില്‍ പങ്കെടുത്ത ആരോടെങ്കിലും അയാളുടെ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ ചോദിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, അടിക്കുകയോ ചെയ്‌തിട്ടുണ്ടോ എന്ന് ചോദിച്ചു നോക്കു. ഈ യാത്രയില്‍ സ്‌നേഹവും ബഹുമാനവും മാത്രമെ ഉള്ളുവെന്ന്, കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
യാത്രയില്‍ വിദ്വേഷമോ വിരോധമോ ഇല്ല. യാത്രയില്‍ പങ്കെടുത്തവരെ ആരെങ്കിലും ചൂഷണം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്‌തതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ?. ആരെങ്കിലും തളര്‍ന്നു വീഴുകയാണെങ്കില്‍ മറ്റ് പ്രവര്‍ത്തകര്‍ വന്ന് അയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കും. ഇതാണ് ഇന്ത്യയിലെ യാഥാര്‍ഥ്യം.
സര്‍ക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നുവെന്ന് രാഹുല്‍: യഥാര്‍ഥ ഇന്ത്യ എന്താണെന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുവാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചു. ആര്‍എസ്എസ് രാജ്യത്തെ കര്‍ഷകരെ ചൂഷണം ചെയ്യുന്നു. ചെറുതും ഇടത്തരവുമായ സംരംഭകരെ ഇല്ലാതാക്കി -അദ്ദേഹം ആരോപിച്ചു.
മൂന്ന് ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ യാത്ര ഒരുക്കിയത്. ഒന്ന്, ഭയവും വിദ്വേഷവും ഇല്ലാതാക്കാന്‍ രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് കൂട്ടുക. രണ്ട്, തൊഴിലില്ലായ്‌മയ്‌ക്കെതിരെ ശബ്‌ദം ഉയര്‍ത്തുക. മൂന്ന്, വിലക്കയറ്റത്തിനെതിരെ പോരാടുക.
ബിജെപി സര്‍ക്കാരിന്‍റെ നയം യുപിഎ നയവുമായി ജനങ്ങള്‍ തന്നെ താരതമ്യം ചെയ്‌ത് നോക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബിജെപി, കര്‍ഷകരുടെ ഭയത്തെ നീക്കം ചെയ്‌തോ? ഞങ്ങള്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളി. ഭൂപരിഷ്‌കരണ ബില്ല് ഞങ്ങള്‍ നടപ്പിലാക്കി.
സാധാരണക്കാരെയും ബാധിച്ച ബിജെപി നയം: കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങള്‍ സാധാരണക്കാരെയും ബാധിച്ചിരിക്കുകയാണ്. നോട്ട് നിരോധനം നടപ്പിലാക്കിയത് വഴി അവരുടെ ഭയത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് സാധിച്ചോ? തെറ്റായ ജിഎസ്‌ടി നയങ്ങള്‍ക്ക് ഭയത്തെ ഇല്ലാതാക്കാന്‍ സാധിച്ചോ? കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ എന്താണ് ചെയ്‌തത്', രാഹുല്‍ ഗാന്ധി ചോദിച്ചു.
സര്‍ക്കാരിന് നേരെ വിരല്‍ ചൂണ്ടിയുള്ള രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് 'ഇല്ല' എന്നായിരുന്നു ജനങ്ങളുടെ മറുപടി. ഒരു കര്‍ഷകന് ഇന്‍ഷുറന്‍സ് പോളിസി ലഭിച്ചില്ലെങ്കില്‍ എങ്ങനെയാണ് അവരുടെ ഭയം മാറുക. ജനങ്ങളില്‍ ഭീതി പരത്താനാണ് അവര്‍ നയങ്ങള്‍ നടപ്പിലാക്കുന്നത്.
ശ്രീനഗറില്‍ കോണ്‍ഗ്രസിന്‍റെ കൊടി പാറിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ രാഹുല്‍ ഗാന്ധി, ലക്ഷക്കണക്കിന് ആളുകളാണ് യാത്രയില്‍ പങ്കെടുത്തത്. അവരുടെ സ്‌നേഹം, ഉന്മേഷം, പ്രയത്‌നം എല്ലാം അവര്‍ യാത്രയ്‌ക്കായി സമര്‍പ്പിച്ചുവെന്ന് അഭിപ്രായപ്പെട്ടു. ഹിന്ദു, ഇസ്ലാം, സിഖ്, ക്രിസ്‌ത്യാനി എല്ലാവരും തോളോടു തോള്‍ ചേര്‍ന്ന് നടന്നത് നിങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കണ്ടിരിക്കുമല്ലോ? നിങ്ങള്‍ക്ക് ഈ യാത്രയില്‍ വിദ്വേഷം കാണാന്‍ സാധിക്കില്ല, അദ്ദേഹം പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍:സര്‍ക്കാരിന്‍റെ ജോലി ചോദ്യങ്ങള്‍ ഉയര്‍ത്തുകയല്ല ഉത്തരം നല്‍കുകയാണെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കോണ്‍ഗ്രസിനോട് അവശ്യപ്പെട്ടപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഞങ്ങള്‍ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കും. പൊതു സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് ധരിക്കാന്‍ അവര്‍ നിര്‍ദേശം നല്‍കണം. അവര്‍ രാഷ്‌ട്രീയം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന്, പവാന്‍ ഘേര അഭിപ്രായപ്പെട്ടു.
'വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ മാസ്‌ക് ധരിച്ചിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് അദ്ദേഹത്തിന്‍റെ മുഖത്ത് മാസ്‌ക് കണ്ടില്ല. ഭാരത് ജോഡോ യാത്രയെ ഇല്ലാതാക്കാന്‍ ബിജെപി രാഷ്‌ട്രീയം കളിക്കുകയാണെന്ന്' കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.