ശ്രീനഗര്‍ : ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയില്‍ നിരോധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങളെ അടിച്ചമര്‍ത്തിയതുകൊണ്ട് സത്യം പുറത്തുവരുന്നതിനെ ഇല്ലാതാക്കാനാവില്ല. അപകീർത്തിപ്പെടുത്താന്‍ വേണ്ടി ചെയ്‌ത 'പ്രചാരണം' എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, എപ്പോഴാണെങ്കിലും സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്ന് ഭാരത് ജോഡോ പദയാത്രയ്‌ക്കിടെ ജമ്മു കശ്‌മീരില്‍ വച്ച് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
'സത്യം തിളക്കമുള്ളത്, അടിച്ചമര്‍ത്തിയാലും പുറത്തുവരും' ; ബിബിസി ഡോക്യുമെന്‍ററി നിരോധനത്തില്‍ മോദിക്കെതിരെ രാഹുല്‍ ഗാന്ധി
നരേന്ദ്ര മോദിക്കെതിരായ, 'ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍' എന്ന ബിബിസി ഡോക്യുമെന്‍ററിയാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്
മാധ്യമങ്ങളെ നിരോധിച്ചാലും ഇഡി, സിബിഐ പോലുള്ള ഏജന്‍സികളെ വിട്ട് ദുരുപയോഗം ചെയ്‌താലും സത്യം പുറത്തുവരുന്നതിനെ തടയാൻ കഴിയില്ല. സത്യം തിളക്കമുള്ളതാണ്, പുറത്തുവരാനുള്ള അപ്രിയശീലം അതിനുണ്ട്. നിരോധനമോ അടിച്ചമർത്തലോ നടത്തിയതുകൊണ്ടോ ആളുകളെ ഭയപ്പെടുത്തിയതുകൊണ്ടോ സത്യത്തെ തടയാനാവില്ലെന്നും രാഹുൽ വ്യക്തമാക്കി.
'ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍' എന്ന ബിബിസി ഡോക്യുമെന്‍ററിക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ ട്വിറ്റര്‍, യൂട്യൂബ് എന്നിവിടങ്ങളില്‍ നിന്ന് നീക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.