കേരളം

kerala

ETV Bharat / bharat

'യോജിച്ച പെണ്‍കുട്ടി വന്നാല്‍ വിവാഹം കഴിക്കും, ചിക്കന്‍ ടിക്കയും കബാബും ഇഷ്‌ട വിഭവം': മനസു തുറന്ന് രാഹുല്‍ ഗാന്ധി - രാജീവ് ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ കശ്‌മീര്‍ പര്യടനത്തിനിടെ കേര്‍ളി ടെയില്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പം പങ്കുവച്ചത്. പങ്കാളി ബുദ്ധിശാലിയും സ്‌നേഹമുള്ളവളും ആകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

Rahul Gandhi shares his thoughts on marriage  Rahul Gandhi s interview on Curly Tales  Rahul Gandhi  Rahul Gandhi about his Marriage  Rahul Gandhi about his life partner  Bharat Jodo Yatra  Rajiv Gandhi  Indira Gandhi  Congress  രാഹുല്‍ ഗാന്ധി  ഭാരത് ജോഡോ യാത്ര  പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പം പങ്കുവച്ച് രാഹുല്‍  രാഹുല്‍ ഗാന്ധി വിവാഹ സങ്കല്‍പം  ഇന്ദിര ഗാന്ധി  രാജീവ് ഗാന്ധി  രാഹുല്‍ ഗാന്ധിയുടെ ഇഷ്‌ട വിഭവം
മനസു തുറന്ന് രാഹുല്‍ ഗാന്ധി

By

Published : Jan 23, 2023, 5:05 PM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ 'മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍' എന്ന വിശേഷണം ലഭിച്ച വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവാഹം എപ്പോഴാണെന്ന ചോദ്യമാണ് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി അടുത്ത കാലത്തായി ഏറെ അഭീമുഖീകരിച്ച ഒരു കാര്യം. ഈ ചോദ്യത്തിന് വളരെ രസകരമായ രീതിയില്‍ മറുപടി പറഞ്ഞിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരില്‍ പര്യടനം നടത്തുന്നതിനിടെ കേര്‍ളി ടെയില്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പങ്കാളിയെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള തന്‍റെ സങ്കല്‍പം രാഹുല്‍ ഗാന്ധി പങ്കുവച്ചത്.

ബുദ്ധിശാലിയും സ്‌നേഹമുള്ളവളും ആകണം: തനിക്ക് യോജിക്കുന്ന പെണ്‍കുട്ടി വന്നാല്‍ വിവാഹം കഴിക്കുമെന്നാണ് കേര്‍ളി ടെയില്‍സിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. 'വിവാഹത്തിന് എനിക്ക് വിരോധമില്ല. യോജിച്ച പെണ്‍കുട്ടി വന്നാല്‍ ഞാന്‍ വിവാഹം കഴിക്കാന്‍ തയ്യാറാകും. പ്രശ്‌നം എന്തെന്നു വച്ചാല്‍, എന്‍റെ മാതാപിതാക്കള്‍ പരസ്‌പരം പ്രണയിച്ച് വളരെ മനോഹരമായി വിവാഹം കഴിച്ചവരാണ്. അതിനാല്‍ തന്നെ വിവാഹത്തെ കുറിച്ചുള്ള എന്‍റെ മാനദണ്ഡം വളരെ ഉയര്‍ന്നതാണ്', രാഹുല്‍ ഗാന്ധി പറഞ്ഞു.

പെണ്‍കുട്ടിയ്‌ക്ക് വേണ്ട ഗുണങ്ങളെ കുറിച്ച് നീണ്ട ലിസ്റ്റ് വല്ലതും മനസില്‍ ഉണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന്, അങ്ങനെ ഒരു ചെക്ക്‌ലിസ്റ്റ് ഇല്ലെന്നും ബുദ്ധിശാലിയും സ്‌നേഹ നിധിയുമായ ഒരു പെണ്‍കുട്ടിയാണ് തന്‍റെ സങ്കല്‍പത്തില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് നോതവ് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് ഇതൊരു പ്രചോദനമാകും എന്ന് പറഞ്ഞ അവതാരകയോട് ചിരിച്ചുകൊണ്ട് 'നിങ്ങള്‍ എന്നെ കുഴപ്പത്തിലാക്കും' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. അമ്മ സോണിയയുടെയും മുത്തശ്ശി ഇന്ദിര ഗാന്ധിയുടെയും ഗുണങ്ങള്‍ പങ്കാളിക്ക് ഉണ്ടായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി രാഹുല്‍ ഗാന്ധി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇഷ്‌ട വിഭവം ചിക്കന്‍ ടിക്കയും സീഖ് കബാബും ഓംലെറ്റും: വിവാഹ സങ്കല്‍പം കൂടാതെ തന്‍റെ ഭക്ഷണ കാര്യങ്ങളും രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ പങ്കുവച്ചു. താന്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ഒരാള്‍ അല്ലെന്നും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ് കൂടുതല്‍ പ്രിയം എന്നും രാഹുല്‍ പറഞ്ഞു. 'ഭക്ഷണത്തിന്‍റെ കാര്യത്തില്‍ എനിക്ക് നിര്‍ബന്ധങ്ങള്‍ ഒന്നുമില്ല. ലഭ്യമായത് കഴിക്കും. എന്നാല്‍ ഗ്രീന്‍പീസും ചക്കയും എനിക്ക് ഇഷ്‌ടമല്ല. എല്ലാ ദിവസവും ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പിയിലാണ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് കൂടുതല്‍ ഇഷ്‌ടം. ചിക്കന്‍, മട്ടണ്‍, മത്സ്യം എന്നിങ്ങനെ എല്ലാത്തരം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കഴിക്കും. ചിക്കന്‍ ടിക്കയും സീഖ് കബാബും ഓംലറ്റുമാണ് ഏറെ ഇഷ്‌ടപ്പെടുന്ന വിഭവങ്ങള്‍', രാഹുല്‍ ഗാന്ധി പറഞ്ഞു.

വീട്ടിലുള്ളപ്പോള്‍ മാത്രമാണ് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിലെ ഭക്ഷണ രീതിയെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഉച്ച ഭക്ഷണത്തിന് നാടന്‍ വിഭവങ്ങളാണ് ഉണ്ടാകുക. എന്നാല്‍ അത്താഴത്തിന് ചില കോണ്ടിനെന്‍റല്‍ വിഭവം ഉണ്ടാകും', എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മധുരം പരമാവധി ഒഴിവാക്കിയാണ് വീട്ടിലെ ഭക്ഷണ രീതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരത് ജോഡോ യാത്രക്കിടെ തെലങ്കാനയിലെ വിഭവങ്ങള്‍ കഴിച്ചതിനെ കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. 'തെലങ്കാനയിലെ വിഭവങ്ങളില്‍ എരിവ് കൂടുതലാണ്. അവിടുത്തെ ആളുകള്‍ എരിവ് ഇഷ്‌ടപ്പെടുന്നവരാണ്. എന്നാല്‍ ഞാന്‍ അത്രയും എരിവ് കഴിക്കാറില്ല', അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുഗളായ്‌ വിഭവങ്ങള്‍ വിളമ്പുന്ന മോത്തി മഹലും ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന സാഗര്‍, സ്വാഗത്, ശരവണ ഭവന്‍ എന്നിവയാണ് തന്‍റെ ഇഷ്‌ട ഭക്ഷണ കേന്ദ്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മുത്തശ്ശിയുടെയും അച്ഛന്‍റെയും മരണം ഉണ്ടാക്കിയ പ്രതിസന്ധി: തന്‍റെ ബാല്യകാലവും കുട്ടിക്കാലത്തെ ഓര്‍മകളും രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ പങ്കുവച്ചു. കശ്‌മീരില്‍ നിന്ന് ഉത്തര്‍പ്രദേശിലെ അലഹബാദിലേക്ക് കുടിയേറിയ ഒരു പണ്ഡിറ്റ് കുടുംബമായിരുന്നു തങ്ങളുടേതെന്ന് അദ്ദേഹം പറഞ്ഞു. 'യഥാര്‍ഥത്തില്‍ ഞാന്‍ ഒരു സമ്മിശ്രനാണ്. മുത്തശന്‍ ഫിറോസ് ഗാന്ധി പാര്‍സി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്', രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയായിരുന്ന മുത്തശ്ശി ഇന്ദിര ഗാന്ധിയുടെ കൊലപാതകവും തുടര്‍ന്ന് പഠനം വീട്ടിലേക്ക് മാറ്റിയതും അദ്ദേഹം ഓര്‍ത്തെടുത്തു. 'പിന്നീട് അച്ഛന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. സത്യത്തില്‍ ഞങ്ങള്‍ക്ക് അതൊരു ഷോക്കായിരുന്നു. ഞങ്ങള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍റെ പഠനം ബോര്‍ഡിങ് സ്‌കൂളില്‍ ആയിരുന്നു. എന്നാല്‍ മുത്തശ്ശിയുടെ മരണത്തോടെ വീട്ടിലേക്ക് പഠനം മാറ്റി', രാഹുല്‍ ഗാന്ധി ബാല്യകാല ഓര്‍മകള്‍ പങ്കുവച്ചു.

സെന്‍റ് സ്റ്റീഫന്‍സില്‍ ഒരു വര്‍ഷം ചരിത്രം പഠിച്ച താന്‍ ഹാര്‍ഡ്‌വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സും പൊളിറ്റിക്‌സും പഠിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു. 1991ല്‍ പിതാവ് രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് വീണ്ടും സുരക്ഷ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ഫ്ലോറിഡയിലെ റോളിന്‍സ് കോളജിലേക്ക് അയച്ചു. അവിടെ ഇന്‍റര്‍നാഷണല്‍ റിലേഷന്‍സും സാമ്പത്തിക ശാസ്‌ത്രവുമായിരുന്നു അദ്ദേഹത്തിന്‍റെ വിഷയം. കേംബ്രിഡ്‌ജ് സര്‍വകലാശാലയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഡവലപ്‌മെന്‍റ് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ആദ്യ ജോലിയും ശമ്പളവും: ലണ്ടനിലെ ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനമായ മോണിറ്റര്‍ കമ്പനിയില്‍ ആണ് തനിക്ക് ആദ്യമായി ജോലി ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ പറഞ്ഞു. 24ഓ 25ഓ വയസ് പ്രായമുള്ളപ്പോഴായിരുന്നു ആ ജോലി ലഭിച്ചത്. 3,000 പൗണ്ട് ആണ് ആദ്യമായി ലഭിച്ച ശമ്പളം.

സ്‌കൂബ ഡൈവിങ്ങും സൈക്ലിങ്ങും ഇഷ്‌ട വിനോദം:കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ ഓരോ ദിവസവും 25 കിലോമീറ്ററോളം കാല്‍ നടയായി ഭാരത് ജോഡോ യാത്ര നടത്തുന്ന അദ്ദേഹത്തിന്‍റെ ഫിറ്റ്‌നസും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്‌കൂബ ഡൈവിങ്, ഫ്രീ ഡൈവിങ്, സൈക്ലിങ്, ബാക്ക്പാക്കിങ്, ഐകിഡോ ആയോധന കലകൾ എന്നിവയിലെ തന്‍റെ താത്‌പര്യം രാഹുല്‍ ഗാന്ധി അഭിമുഖത്തിനിടെ പങ്കുവച്ചു. 'കോളജില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ബോക്‌സിങ് ചെയ്യാറുണ്ടായിരുന്നു. എല്ലായ്‌പ്പോഴും ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. ആയോധന കലകള്‍ ഏറെ സൗകര്യപ്രദമാണ്. ആക്രമിക്കാനായി രൂപകല്‍പന ചെയ്‌തവയല്ല ആയോധന കലകള്‍. എന്നാല്‍ ആളുകളെ ആക്രമിക്കാനും വേദനിപ്പിക്കാനും ഇവ തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടുകയാണ്', രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയാല്‍: പ്രാധാനമന്ത്രി ആയാല്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ താന്‍ ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായം മാറ്റുക, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കുക, കര്‍ഷകരെയും തൊഴിലില്ലായ്‌മ അനുഭവിക്കുന്ന യുവാക്കളെയും സഹായിക്കുക ഇത് മൂന്നുമാണ് അദ്ദേഹത്തിന്‍റെ ലിസ്റ്റില്‍ ആദ്യമുള്ളത്.

ABOUT THE AUTHOR

...view details