ന്യൂഡല്‍ഹി : തന്‍റെ ഗുരുവാണ് ആര്‍എസ്എസ്- ബിജെപി എന്ന് രാഹുല്‍ ഗാന്ധി. എന്ത് ചെയ്യരുതെന്ന് അവര്‍ തനിക്ക് എല്ലായ്‌പ്പോഴും കാണിച്ചുതരാറുള്ളതിനാലാണ് ഗുരുവായി അവയെ കാണുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.'ഞങ്ങള്‍ക്കെതിരെ അവര്‍ രൂക്ഷമായ ആക്രമണം നടത്തണം എന്നാണ് ഞാനാഗ്രഹിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസിന് അതിന്‍റെ പ്രത്യയശാസ്‌ത്രം ശരിയായി മനസിലാക്കുന്നതിനായി സാധിക്കും. അവരെ(ബിജെപി-ആര്‍എസ്എസ്) ഞാന്‍ ഗുരുവായാണ് കാണുന്നത്. അവര്‍ എനിക്ക് വഴി കാണിച്ച് തരുന്നു. എന്ത് ചെയ്യരുതെന്ന് അവര്‍ എന്നെ പരിശീലിപ്പിക്കുന്നു' - ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി നാഗ്‌പൂരില്‍ വരണമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. ആര്‍എസ്എസിനേയും ബിജെപിയേയുമല്ല ഗുരുവായി കാണേണ്ടത് മറിച്ച് ഭാരതമാതാവിന്‍റെ കൊടിയെയാണ് . നാഗ്‌പൂരിലേക്ക് രാഹുല്‍ ഗാന്ധിക്ക് സ്വാഗതം. അവിടെ ഭാരതമാതാവിന്‍റെ കൊടിക്ക് മുന്നില്‍ രാഹുല്‍ ഗുരുദക്ഷിണ വയ്‌ക്കണമെന്നും ഹിമന്ത പറഞ്ഞു.
ബിജെപിക്കെതിരെ ബദല്‍ വീക്ഷണം ഉണ്ടാവണമെന്ന് രാഹുല്‍ :2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ പ്രതിപക്ഷ നേതാക്കളും കോണ്‍ഗ്രസിനോടൊപ്പമാണെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. എന്നാല്‍ ചില രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ക്കുമേല്‍ ഉണ്ടെന്ന് രാഹുല്‍ വ്യക്തമാക്കി. ഭാരത് ജോഡോയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. അഖിലേഷ് യാദവും, മായാവതിയും ഒക്കെ ആഗ്രഹിക്കുന്നത് സ്‌നേഹത്തിന്‍റെ ഹിന്ദുസ്ഥാനാണെന്നും രാഹുല്‍ പറഞ്ഞു.
ബിജെപിക്കെതിരായ അടിയൊഴുക്കുകള്‍ യാത്രയില്‍ ഉടനീളം തനിക്ക് കാണാന്‍ സാധിച്ചു. ബിജെപിക്ക് ബദലായ വീക്ഷണം കെട്ടിപ്പടുക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഏകോപനം ഉണ്ടാവണം. അടവ് നയങ്ങള്‍ അനുസരിച്ചുള്ള രാഷ്‌ട്രീയ പോരാട്ടങ്ങളുടെ കാലമല്ല ഇത്.