ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi Response On Assembly Election Results). മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജനവിധി വിനീതമായി അംഗീകരിക്കുന്നെന്ന് രാഹുൽ പറഞ്ഞു. പ്രത്യയശാസ്ത്ര പോരാട്ടം തുടരും. തെലങ്കാനയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും രാഹുൽ ഗാന്ധി തൻ്റെ എക്‌സ് പേജിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിലൂടെ അറിയിച്ചു.
"ഞങ്ങൾ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നു. പ്രത്യയശാസ്ത്ര പോരാട്ടം തുടരും. തെലങ്കാനയിലെ ജനങ്ങളോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. 'പ്രജാലു തെലങ്കാന' ആക്കുമെന്ന വാഗ്‌ദാനം ഞങ്ങൾ തീർച്ചയായും നിറവേറ്റും. കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എല്ലാ പ്രവർത്തകർക്കും ഹൃദയംഗമമായ നന്ദി." രാഹുൽ എക്‌സിൽ കുറിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി രംഗത്തുവന്നു. മൂന്ന് സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രതിപക്ഷത്തിന്‍റെ റോൾ നൽകിയിട്ടുണ്ടെന്നു പറഞ്ഞ പ്രിയങ്ക ജനങ്ങളുടെ തീരുമാനം വിനയപൂർവ്വം അംഗീകരിക്കുന്നതായും എക്‌സില്‍ കുറിച്ചു.
അതേസമയം തങ്ങളെ വിജയിപ്പിച്ച തെലങ്കാനയിലെ ജനങ്ങൾക്കുള്ള നന്ദിയും പ്രിയങ്ക എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. തെലങ്കാനയിലെ ജനങ്ങൾ ചരിത്രം സൃഷ്‌ടിച്ചെന്നും കോൺഗ്രസ് പാർട്ടിക്ക് അനുകൂലമായി ജനവിധി നൽകിയെന്നും പ്രിയങ്ക പറഞ്ഞു.
"ഇത് സംസ്ഥാനത്തെ ജനങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെ ഓരോ പ്രവർത്തകരുടെയും വിജയമാണ്. തെലങ്കാനയിലെ ജനങ്ങൾക്ക് ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് നന്ദി. തെലങ്കാനയുടെ സമാധാനത്തിനും സമൃദ്ധിക്കും പുരോഗതിക്കും കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ ജനങ്ങൾ കോൺഗ്രസിന് പ്രതിപക്ഷത്തിന്‍റെ റോൾ നൽകിയിട്ടുണ്ട്. ജനങ്ങളുടെ തീരുമാനം വിനയപൂർവ്വം അംഗീകരിക്കുന്നു" പ്രിയങ്കാ ഗാന്ധി എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.