ന്യൂഡൽഹി: 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടിയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ഇന്ത്യയുടെ ശബ്‌ദത്തിനായി ഞാന്‍ പോരാടും, എന്ത് വില കൊടുക്കാനും തയ്യാറാണ്' - എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് തനിക്കെതിരായ നടപടിയില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
'മോദി’ പരാമർശത്തിലെ അപകീർത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടുവർഷം തടവുശിക്ഷ ഇന്നലെയാണ് (മാര്‍ച്ച് 23) വിധിച്ചത്. ഈ കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടി. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയാണ് ലോക്‌സഭ ഇന്ന് വിജ്ഞാപനമിറക്കിയത്. നടപടിയില്‍ വലിയ വിമര്‍ശനമാണ് പുറത്തുവരുന്നത്.
'നിശബ്‌ദനാക്കാന്‍ തുടരെ ശ്രമിക്കുന്നു':കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മുന്‍കൂര്‍ ആസൂത്രണം നടത്തിയാണ് എംപി സ്ഥാനത്തുനിന്നും രാഹുലിനെ അയോഗ്യനാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്‍റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായ പ്രമുഖന്‍ അദാനിയും തമ്മിലുള്ള ബന്ധം പാര്‍ലമെന്‍റില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് രാഹുലിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ച് നിശബ്‌ദനാക്കാന്‍ തുടരെ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ|'മോദിക്കെതിരെ സംസാരിച്ചതില്‍ വിരട്ടാനുള്ള ശ്രമം'; രാഹുലിനെതിരായ നടപടി മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് കെസി വേണുഗോപാല്‍
രൂക്ഷമായി വിമര്‍ശിച്ച് പിണറായി:രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്‍റെ പുതിയ അധ്യായമാണിത്. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്രതിപക്ഷത്തെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
'വിധി സൂറത്ത് സിജെഎം കോടതിയുടേത്':‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുവന്നത്..? ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും...' - ഇതായിരുന്നു 2019 ഏപ്രിൽ 13ലെ രാഹുലിന്‍റെ പ്രസംഗത്തിലെ വരികള്‍. കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രഭാഷണത്തിലാണ് നടപടിയ്‌ക്ക് ആധാരമായ ഈ പരാമർശം. ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദിയാണ് പരാതി നല്‍കിയത്. മാര്‍ച്ച് 23ന് സൂറത്ത് സിജെഎം കോടതിയുടേതാണ് വിധി വന്നത്.
രാഹുലിന് നല്‍കിയത് പരമാവധി ശിക്ഷ:തെരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി റെക്കോഡ് ചെയ്‌ത, റാലിയിലെ പ്രസംഗമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ വീഡിയോയുടെ സിഡിയും പെൻഡ്രൈവും പരിശോധിച്ചാണ് കോടതി വധി പുറത്തുവന്നത്. കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും, 15,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകളുടെ പരമാവധി ശിക്ഷയാണ് ഈ കേസില്‍ രാഹുലിനെതിരായുള്ളത്.