ന്യൂഡൽഹി : മാധ്യമരംഗത്തെ ജാതി പ്രാതിനിധ്യം ചോദ്യം ചെയ്‌ത് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി (Rahul Gandhi). ഇന്നലെ (09.10.2023) ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി (Congress Working Committee) യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രാഹുലിന്‍റെ പ്രതികരണം. ഈ മുറിയിൽ (നിങ്ങളിൽ) എത്ര പേർ ഒബിസിക്കാരും ദലിതരും ഉണ്ട്?, അവർ കൈകൾ ഉയർത്തൂ... എന്നതായിരുന്നു രാഹുൽ മാധ്യമപ്രവർത്തകരോട് ഉന്നയിച്ച ആവശ്യം.
എന്നാൽ ആരും തന്നെ കൈ ഉയർത്തിയിരുന്നില്ല. ഇതോടെ, ഇത് തന്നെയാണ് ജാതി സെൻസസ് (caste census) നടപ്പാക്കുന്നതിന്‍റെ കാരണമെന്ന് രാഹുൽ അടിവരയിടുകയായിരുന്നു. സംസ്ഥാനത്ത് സാമ്പത്തിക സർവേ അല്ലെ നടപ്പാക്കേണ്ടത് എന്ന വാർത്താസമ്മേളനത്തിലുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു രാഹുലിന്‍റെ അപ്രതീക്ഷിത മറുചോദ്യം. രാജ്യത്തിന്‍റെ സമ്പത്തിലും സ്ഥാപനങ്ങളിലും താഴ്‌ന്ന സമുദായത്തിൽപ്പെട്ടവരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ജാതി സെൻസസ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
സിഡബ്ല്യുസി യോഗത്തിൽ ഇക്കാര്യം വ്യക്തമായി ചർച്ച ചെയ്‌തിട്ടുണ്ട്. ഒബിസിക്കാർക്കും ദലിതർക്കും ആവശ്യമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ജാതി സെൻസസ് സംസ്ഥാന സർക്കാരിനെ സഹായിക്കും. അതിനാൽ ജാതി സെൻസസ് അനിവാര്യമാണെന്നും രാഹുൽ പറഞ്ഞു.
Also Read :Caste Census Election Five States Assembly Polls ജാതി സെൻസസ്: കളമറിഞ്ഞ് കളം പിടിക്കാൻ കോൺഗ്രസ്, ഒന്നും മിണ്ടാതെ ബിജെപി
വാഗ്‌ദാനം നടപടിയാക്കി സംസ്ഥാനങ്ങൾ : രാജ്യത്തെ 50 ശതമാനം ഒബിസിക്കാർക്കും അർഹമായ അവകാശവും പ്രാതിനിധ്യവും ലഭിക്കുന്നില്ലെന്നും അതിനാൽ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് കോൺഗ്രസ് എം പി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം ബിഹാറിലും പിന്നീട് രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ജാതി സെൻസസ് നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചു. ഓരോ ജാതിയിൽപ്പെട്ടവരുടെയും ജനസംഖ്യാനുപാതം കണ്ടെത്തി അവർക്കർഹതപ്പെട്ട വിഹിതം നൽകുകയാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതി സെൻസസ് ആയുധമാക്കാൻ കോൺഗ്രസ് : അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് ചോദിച്ചിരുന്നു. ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതി സെൻസസ് കോൺഗ്രസ് പ്രചാരണ വിഷയമാക്കുമെന്നത് തീർച്ചയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുക.
Also Read :Congress Questions PM Modi On Caste Census 'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് എന്തുകൊണ്ടില്ല?', പ്രധാനമന്ത്രിയെ ചോദ്യം ചെയ്‌ത് കോൺഗ്രസ്