ന്യൂഡല്‍ഹി:ലോക്‌സഭ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചയ്‌ക്ക് ഒരു മണിമുതല്‍ എഐസിസി ആസ്ഥാനത്ത് വച്ചാണ് വാര്‍ത്താസമ്മേളനം. നേരത്തെ വിഷയത്തില്‍ ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി തന്‍റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കാണുന്നത്.
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് കോടതി വിധി വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്. അപകീര്‍ത്തി കേസില്‍ മാര്‍ച്ച് 23നായിരുന്നു സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
2019 ഏപ്രിൽ 13ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു നടപടിക്ക് ആധാരമായ പരാമര്‍ശം ഉണ്ടായത്. 'ലളിത് മോദിയോ നീരവ് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്തുകൊണ്ടായിരിക്കാം എല്ല കള്ളന്മാരുടെയും പേരിൽ മോദി എന്ന പേരുവന്നത്? ഇനിയും പരിശോധിച്ചാല്‍ കൂടുതല്‍ മോദിമാര്‍ ഒരു പക്ഷെ പുറത്തുവരും' ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ വരികള്‍.
ഇത് ചൂണ്ടിക്കാട്ടി ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി നൽകിയ പരാതിയില്‍ ആണ് സൂറത്ത് സിജെഎം കോടതിയുടെ വിധി വന്നത്. ഇതിന് പിന്നാലെ ആയിരുന്നു ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടി.
Also Read: രാഹുലിന്‍റെ എം.പി സ്ഥാനം നഷ്ടപ്പെടുത്തിയതിനെതിരെ പോരാടാനുറച്ച് കോണ്‍ഗ്രസ്
'ഇന്ത്യയുടെ ശബ്‌ദത്തിനായി ഞാന്‍ പോരാടും, എന്ത് വില കൊടുക്കാനും തയ്യാറാണ്' എന്നായിരുന്നു ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി ആദ്യം നടത്തിയ പ്രതികരണം. അതേസമയം വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ ഇന്ന് രാഹുല്‍ ഗാന്ധി നടത്തുന്ന വാര്‍ത്താസമ്മേളനം പ്രതിഷേധങ്ങള്‍ക്ക് കരുത്ത് പകരുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.
പിന്തുണയുമായി നേതാക്കള്‍:എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ രാഹുല്‍ ഗാന്ധിക്കായി ശബ്‌ദമുയര്‍ത്തി. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനമെന്നാണ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയ നേതാക്കളും ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇവര്‍ക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഹേമന്ദ് സോറന്‍, ഉദ്ധവ് താക്കറെ, ശരത് യാദവ്, അഖിലേഷ് യാദവ് എന്നിവരും ബിജെപിക്കെതിരെ ശബ്‌ദമുയര്‍ത്തി.
Also Read:'കള്ളന്മാരുടെയെല്ലാം പേര് മോദി': പട്ന കോടതിയിലും രാഹുലിനെതിരെ കേസ്