ന്യൂഡല്‍ഹി: ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി നടത്തിയ വാർത്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭ സ്പീക്കർ ഓം ബിർള എന്നിവർക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യതയില്‍ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ രാഹുല്‍ അവർക്ക് തന്നെ നിശബ്‌ദനാക്കാനാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. പാർലമെന്‍റില്‍ സംസാരിക്കാൻ അനുവദിക്കില്ലെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്ന് പറഞ്ഞ രാഹുല്‍ മോദി- അദാനി ബന്ധം വീണ്ടും ആവർത്തിച്ചു. രാജ്യത്തിന് എതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും ആരെയും ഭയക്കുന്നില്ലെന്നും രാഹുല്‍ വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. അദാനി വിഷയത്തില്‍ തന്‍റെ അടുത്ത പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയന്നതിനാലാണ് ലോക് സഭയില്‍ നിന്നും തന്നെ അയോഗ്യനാക്കിയത്.
ഈ വിഷയത്തിൽ സർക്കാർ അനുഭവിക്കുന്ന പരിഭ്രാന്തിയിൽ നിന്ന് ആളുകളെ വ്യതിചലിപ്പിക്കുന്നതിന്‍റെ ഭാഗമായണ് ഇപ്പോള്‍ നടക്കുന്ന കളികള്‍. വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ ചോദ്യങ്ങൾ ചോദിക്കുന്നത് തുടരും. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് 20000 കോടി രൂപ നിക്ഷേപിച്ചത് ആരാണെന്ന ചോദ്യം അവശേഷിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
അദാനിയുടെ ഷെൽ കമ്പനികളുടെ തെളിവുകൾ താൻ സഭയിൽ കാണിച്ചുവെന്നു പറഞ്ഞ രാഹുല്‍, അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തു. ഇവരും തമ്മിള്ള ബന്ധം തെളിയിക്കുന്നതിനായി ഓസ്‌ട്രേലിയയില്‍ വച്ച് മോദിയും അദാനിയും സ്‌റ്റേറ്റ് ബാങ്ക് ചെയർമാനുമൊന്നിച്ചുള്ള ചിത്രം രാഹുല്‍ ലോക്സഭയില്‍ നേരത്തെ ഉയര്‍ത്തുകയും ചെയ്‌തിരുന്നു.