ന്യൂഡല്‍ഹി:കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെയും അവരുടെ ഓഫീസ് ജീവനക്കാരുടേയും ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Phone Tapping Allegation By Rahul Gandhi). ഭയപ്പെട്ട് പിന്നോട്ടില്ല. ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഒന്നാമത് അദാനി. രണ്ടാമത് മോദിയും പിന്നെ അമിത് ഷായുമെന്നും രാഹുലിന്‍റെ പരാമർശം.
ഫോൺ ചോർത്തുന്നതായി ആപ്പിൾ കമ്പനിയുടെ സന്ദേശം വന്നതായി രാവിലെ തൃണമൂല്‍ എംപി മൊഹ്‌വ മൊയ്‌ത്ര രാവിലെ ആരോപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. എത്ര ഫോൺ ചോർത്തിയാലും അദാനിക്ക് എതിരായ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ (INDIA) മുന്നണിയിലെ വിവിധ പാർട്ടികളിലെ നേതാക്കളുടെ ഫോൺ ചോർത്തുന്നുണ്ട്. എന്‍റെ ഓഫീസിലെ എല്ലാവർക്കും ആപ്പിൾ കമ്പനിയില്‍ നിന്ന് ഫോൺ ഹാക്ക് ചെയ്‌തതതായ സന്ദേശമെത്തി. കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും ഫോൺ ചോർത്തിയെന്ന സന്ദേശം ലഭിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. അദാനിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദാനിയുടെ ജീവനക്കാരനാണ് മോദിയെന്നും രാഹുലിന്‍റെ ആരോപണം. ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിച്ച മുന്നറിയിപ്പ് സന്ദേശങ്ങളുടെ പകര്‍പ്പും രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരുന്നു.