ന്യൂഡല്‍ഹി:ഇന്ത്യയുടെ അതിര്‍ത്തി സംബന്ധിച്ച് ഭീഷണിപ്പെടുത്തുന്നതിലൂടെ റഷ്യ യുക്രൈനോട് സ്വീകരിച്ച അതേ തത്വമാണ് ചൈന ഇന്ത്യക്കെതിരെയും പ്രയോഗിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥ, പ്രത്യേക കാഴ്‌ച്ചപ്പാടില്ലാത്തതിനാല്‍ ആശയക്കുഴപ്പത്തിലായ രാഷ്‌ട്രം, വിദ്വേഷം എന്നിവ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിന് ആക്കം കൂട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'പടിഞ്ഞാറന്‍ ശക്തിയുമായി യുക്രൈന്‍ ശക്തമായ ബന്ധം പുലര്‍ത്തുന്നത് തങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ലെന്ന് റഷ്യ പറഞ്ഞു. പടിഞ്ഞാറുമായി യുക്രൈന്‍ ബന്ധം പുലര്‍ത്തുകയാണെങ്കില്‍ യുക്രൈനെ ഭൂമിശാസ്‌ത്രപരമായി രൂപമാറ്റം വരുത്തുമെന്നും റഷ്യ പറഞ്ഞിരുന്നു. ഇതാണ് റഷ്യ യുക്രൈനോട് അടിസ്ഥാനപരമായി ചെയ്‌തത്. ഇതേ തത്വമാണ് ചൈന ഇന്ത്യയിലും പയറ്റുന്നത്.
ചൈനയുടെ ഭീഷണി: ചെയ്യുന്ന കാര്യങ്ങളില്‍ വളരെ ശ്രദ്ധ ഉണ്ടായിരിക്കണം എന്നാണ് ചൈന ഇന്ത്യയോട് പറയുന്നത്. ഇല്ലെങ്കില്‍ അവര്‍ നമ്മുടെ അതിര്‍ത്തികളില്‍ രൂപമാറ്റം വരുത്തുമെന്ന് പറയുന്നു. അവര്‍ ലഡാക്കിലും അരുണാചല്‍ പ്രദേശിലും പ്രവേശിക്കും എന്നാണ് പറയുന്നത്. അത്തരമൊരു സമീപനത്തിനായി അവര്‍ സാഹചര്യം ഒരുക്കുന്നതായാണ് എന്‍റെ നിഗമനം', നടനും രാഷ്‌ട്രീയക്കാരനുമായ കമല്‍ ഹാസനുമായുള്ള അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കമല്‍ ഹാസനുമായുള്ള അഭിമുഖത്തിന്‍റെ ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി യൂടൂബില്‍ പങ്കുവച്ചിട്ടുണ്ട്. '21-ാം നൂറ്റാണ്ടില്‍ സുരക്ഷ എന്നത് സമഗ്രമായൊരു കാര്യമായി മാറിയിരിക്കുകയാണ്. വ്യക്തികള്‍ക്ക് ഇതു സംബന്ധിച്ച് ആഗോളമായ വീക്ഷണം ഉണ്ടായിരിക്കണം. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഇത് പൂര്‍ണമായും തെറ്റായി കണക്കാക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്', രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തിനകത്തും സംഘര്‍ഷം: 'സംഘര്‍ഷത്തിന്‍റെ നിർവചനം മുമ്പത്തേതില്‍ നിന്ന് ഒരുപാട് മാറി. മുമ്പ് അതിർത്തിയിൽ യുദ്ധം നടന്നിരുന്നു. എന്നാല്‍ ഇപ്പോൾ എല്ലായിടത്തും പോരാട്ടം നടക്കുകയാണ്. അതുകൊണ്ട് 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം രാജ്യത്തിനകത്ത് യോജിപ്പുണ്ടാകണം എന്നതാണ്', അദ്ദേഹം പറഞ്ഞു. രാജ്യത്ത് സൗഹാർദം ആവശ്യമാണെന്നും ആളുകൾ പരസ്‌പരം പോരടിക്കരുതെന്നും രാജ്യത്ത് സമാധാനവും വ്യക്തമായ കാഴ്‌ചപ്പാടുകളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'യുദ്ധത്തിലേക്ക് പോകുക എന്നതല്ല കാര്യം. ആക്രമിക്കപ്പെടാത്ത ഒരു അവസ്ഥയിലേക്ക് പോകുക എന്നതാണ് കാര്യം. രാജ്യത്തെ വെറുപ്പും വിദ്വേഷവും തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയുമൊക്കെ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ ബലപ്പെടുത്തുന്നുണ്ട്. കാരണം ചൈനക്ക് അറിയാം നമ്മള്‍ ആഭ്യന്തരമായ കാര്യങ്ങള്‍ പരിഹരിക്കാനുള്ള കഠിന പരിശ്രമത്തിലാണെന്ന്. ഈ അവസരത്തില്‍ അവര്‍ക്ക് അവരുടെ പദ്ധതികള്‍ നേടിയെടുക്കാനാകും', കോണ്‍ഗ്രസ് എംപി പറഞ്ഞു.
'അതിനാൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, യുദ്ധക്കൊതിയുള്ള ഒരാളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടെന്നും ആ പ്രശ്‌നങ്ങൾ നമ്മുടെ രാജ്യത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ രാജ്യം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യക്കാർ ഇന്ത്യക്കാരോട് തന്നെ യുദ്ധം ചെയ്യുമ്പോൾ, സമ്പദ്‌വ്യവസ്ഥ പ്രവർത്തിക്കാത്തപ്പോൾ, തൊഴിലില്ലായ്‌മ ഉണ്ടാകുമ്പോൾ, നമ്മുടെ ബാഹ്യ എതിരാളിക്ക് ഈ സാഹചര്യം മുതലെടുക്കാൻ കഴിയും', അദ്ദേഹം വ്യക്തമാക്കി.
വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ച നടത്തണം എന്നത്. തങ്ങള്‍ സര്‍ക്കാരിനെ ഉപദേശങ്ങളും ആശയങ്ങളും നല്‍കി സഹായിക്കാന്‍ സന്നദ്ധരാണെന്നും എന്നാല്‍ എല്ലാം തങ്ങള്‍ മനസിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.