ഇംഫാൽ :മണിപ്പൂരിന് സമാധാനം അനിവാര്യമാണെന്നും സംസ്ഥാനത്ത് ശാന്തി പുനസ്ഥാപിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ ഗവർണർ അനുസ്യൂയ യുകിയെ, ഇന്ന് രാജ്‌ഭവനില്‍ ചെന്ന് കണ്ട ശേഷമാണ് രാഹുലിന്‍റെ പ്രതികരണം. ദുരിതാശ്വാസ ക്യാമ്പുകളിലെ പോരായ്‌മകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'മണിപ്പൂരിന് ശാന്തി വേണം. ഇവിടെ സമാധാനം പുനസ്ഥാപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ചില ദുരിതാശ്വാസ ക്യാമ്പുകൾ ഞാന്‍ സന്ദർശിച്ചിരുന്നു. ഈ ക്യാമ്പുകളിൽ ചില പോരായ്‌മകളുണ്ട്. സർക്കാർ അത് പരിഹരിക്കണം. ഞാൻ സംസ്ഥാനത്തിന്‍റെ സമാധാനത്തിനായി കഴിയുന്നതെല്ലാം ചെയ്യാൻ തയ്യാറാണ് ' - രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
'ആ മുഖങ്ങളില്‍ കാണാം സഹായത്തിനായുള്ള കേഴല്‍':മണിപ്പൂര്‍ മൊയ്‌റാംഗിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള ആളുകളെ കാണാൻ കോൺഗ്രസ് നേതാവ് ഇന്ന് എത്തിയിരുന്നു. അവിടെയുള്ള ആളുകളുമായി അദ്ദേഹം ഏറെ നേരം സംസാരിക്കുകയും അവരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു. 'മണിപ്പൂരിലെ അക്രമത്തിൽ ഉറ്റവരെയും പുറമെ വീടുകളും മറ്റും നഷ്‌ടപ്പെട്ടവരുടെ ദുരിതം കാണുന്നതും കേൾക്കുന്നതും വളരെയധികം ദുഃഖമുണ്ടാക്കുന്നതാണ്. ഞാൻ കണ്ടുമുട്ടുന്ന ഓരോ സഹോദരന്‍റേയും സഹോദരിയുടേയും കുട്ടിയുടേയും മുഖത്ത് സഹായത്തിനായുള്ള നിലവിളിയുണ്ട് '- കോൺഗ്രസ് നേതാവ്, രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
READ MORE |Manipur Violence | രാഹുല്‍ ഗാന്ധി മൊയ്‌റാംഗില്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും
മൊയ്‌റാംഗിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന് ശേഷം രാഹുൽ ഗാന്ധി ഇംഫാലിലേക്ക് മടങ്ങി. അവിടെ അദ്ദേഹം പ്രാദേശിക നേതാക്കൾ, യുണൈറ്റഡ് നാഗ കൗൺസിൽ നേതാക്കൾ, സമാന ചിന്താഗതിക്കാരായ രാഷ്‌ട്രീയ പാർട്ടികളിലെ നേതാക്കള്‍, വനിത നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും നേരത്തേ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെയ്‌ഷാം മേഘചന്ദ്ര പറഞ്ഞിരുന്നു.
രാഹുലിന്‍റെ വഴി തടഞ്ഞ് പൊലീസ്; നയം വ്യക്തമാക്കി ബിജെപി:മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പൊലീസ് ഇന്നലെ തടഞ്ഞിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന് ഹെലികോപ്‌റ്ററില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സംസ്ഥാനത്തെ കലാപ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിന്‍റെ വാഹനവ്യൂഹത്തെ അക്രമ സാധ്യത മുന്നില്‍ കണ്ടാണ് തടഞ്ഞതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്‌ണുപൂരിൽ വച്ചാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വാഹനം തടഞ്ഞത്.
READ MORE |Manipur Violence | രാഹുലിന് ഹെലികോപ്‌റ്ററില്‍ സഞ്ചരിക്കാം ; അനുമതി നല്‍കി മണിപ്പൂര്‍ പൊലീസ്
മണിപ്പൂര്‍ പൊലീസിന്‍റെ നടപടിയെ തുടര്‍ന്ന് ബിഷ്‌ണുപൂരിൽ നിന്നും രാഹുല്‍ ഇംഫാലിലേക്ക് മടങ്ങുകയായിരുന്നു. ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാന്‍ രാഹുല്‍ ചുരാചന്ദ്പൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ഇടപെട്ടത്. രാഹുലിനെ തടഞ്ഞതിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.