ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ (Muzaffarnagar of UP) ക്ലാസ് മുറിയില്‍ വച്ച് മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥി അധ്യാപികയുടെ വിദ്വേഷത്തിന് ഇരയായ സംഭവത്തില്‍ ബിജെപിക്കെതിരെ (Bharatiya Janata Party) രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും (Rahul Gandhi) പ്രിയങ്ക ഗാന്ധിയും (Priyanka Gandhi) രംഗത്ത്. ക്ലാസ് മുറിയില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇരുവരും രംഗത്തെത്തിയത്. നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങളുടെ മനസില്‍ വിവേചനത്തിന്‍റെ വിത്ത് വിതക്കുകയാണിതെന്നും രാജ്യത്തിന്‍റെ വിവിധയിടങ്ങളിലും തീയിടാന്‍ ബിജെപി പകരുന്ന എണ്ണയാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്‌കൂള്‍ പോലുള്ള പുണ്യസ്ഥലം പോലും വെറുപ്പിന്‍റെ വിപണിയാക്കി മാറ്റുകയാണ്. രാജ്യത്ത് ഒരു അധ്യാപകന് ഇതിനേക്കാള്‍ മോശമായി ഇനിയൊന്നും ചെയ്യാനില്ല. ഇന്ത്യയുടെ നാനാഭാഗങ്ങളിലും തീയിടാന്‍ ശ്രമിക്കുന്ന ബിജെപി പകരുന്ന അതേ മണ്ണെണ്ണ തന്നെയാണ് ഇവിടെയും ഒഴിച്ചിട്ടുള്ളത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്. നമുക്ക് എല്ലാവര്‍ക്കും അവരെ സ്‌നേഹിക്കാന്‍ പഠിപ്പിക്കാം' -രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു (Rahul Gandhi tweet on Muzaffarnagar boy slapping)
വിമര്‍ശമനവുമായി പ്രിയങ്ക ഗാന്ധി(Priyanka Gandhi Response on Muzaffarnagar boy slapping):പ്രിയങ്ക ഗാന്ധി എക്‌സില്‍ പറഞ്ഞത് ഇപ്രകാരമാണ്. 'രാജ്യത്ത് ചന്ദ്രനിലേക്ക് പോകാനുള്ള സാങ്കേതിക വിദ്യയെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്ത് വിദ്വേഷ ഭിത്തി പണിയുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു' എന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.
ഇന്നലെയാണ് (ഓഗസ്റ്റ് 25) മുസാഫര്‍നഗറിലെ താനക്ഷേത്രയിലെ ഖുബ്ബപൂരിലെ നേഹ പബ്ലിക് സ്‌കൂളിലെ (Neha Public School Khubbapur) ) രണ്ടാം ക്ലാസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ക്ലാസില്‍ മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ അടിക്കാന്‍ മറ്റ് വിദ്യാര്‍ഥികളോട് അധ്യാപിക നിര്‍ദേശിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. ക്ലാസ് മുറിയില്‍ എഴുന്നേറ്റ് നില്‍ക്കുന്ന ഒരു വിദ്യാര്‍ഥിയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് ക്ലാസിലെ ഓരോ വിദ്യാര്‍ഥികളോട് എഴുന്നേറ്റ് നില്‍ക്കുന്ന വിദ്യാര്‍ഥിയെ അടിക്കാന്‍ അധ്യാപിക നിര്‍ദേശിക്കുന്നുണ്ട്.
എഴുന്നേറ്റ് നില്‍ക്കുന്ന കുട്ടിയെ മറ്റ് വിദ്യാര്‍ഥികള്‍ എത്തി ശക്തിയായി അടിക്കുന്നതും അതിനൊപ്പം കൂടുതല്‍ ശക്തിയായി അടിക്കാന്‍ അധ്യാപിക നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാനാകും. വീഡിയോ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വീഡിയോയില്‍ ചില ആക്ഷേപ പരാമര്‍ശങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.