ചണ്ഡീഗഡ്: ഹരിയാനയില്‍ കര്‍ഷകര്‍ക്കൊപ്പം വയലില്‍ ഇറങ്ങി ഞാറ് നട്ടും ട്രാക്‌ടര്‍ ഓടിച്ചും കോണ്‍ഗ്രസ് (Congress) നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). സോനിപ്പത്ത് ജില്ലയിലെ മദിന ഗ്രാമത്തിലെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി കര്‍ഷകരോട് സംവദിച്ചത്. ഇന്ന് (ജൂലൈ 08) രാവിലെ ആയിരുന്നു സംഭവം.
ഹിമാചല്‍ പ്രദേശിലെ ഷിംലയിലേക്കുള്ള യാത്രയിലായിരുന്നു രാഹുല്‍. ഇതിനിടെ, വയലില്‍ കര്‍ഷകരെ കണ്ട അദ്ദേഹം വാഹനം നിര്‍ത്തി അവിടെ ഇറങ്ങുകയായിരുന്നു. പാന്‍റ് മടക്കി വച്ച് വയലില്‍ ഇറങ്ങി കര്‍ഷകരുമായി ആശയവിനിമയം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഹരിയാനയിലെ ബറോഡ കോണ്‍ഗ്രസ് എംഎല്‍എ ഇന്ദുരാജ് നർവാള്‍, ഗൊഹാന എംഎല്‍എ ജഗ്ബീർ സിങ് എന്നിവരും രാഹുല്‍ ഗാന്ധി എത്തിയ വിവരമറിഞ്ഞ് മദിനയിലേക്ക് എത്തിയിരുന്നു. ഇരു നേതാക്കളും രാഹുൽ ഗാന്ധിയുമായി ആശയവിനിമയം നടത്തി. നിരവധി ഗ്രാമവാസികളും രാഹുലിനെ കാണാന്‍ അവിടേക്ക് എത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.
ലോറി, ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ രാഹുല്‍ ലോറിയില്‍ യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹരിയാനയിലെ മുർത്തലിൽ നിന്ന് അംബാലയിലേക്ക് ആയിരുന്നു അന്ന് കോണ്‍ഗ്രസ് നേതാവ് ട്രക്കിൽ യാത്ര ചെയ്‌തത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു രാഹുലിന്‍റെ ട്രക്ക് യാത്ര. ലോറിയില്‍ യാത്ര ചെയ്‌ത അദ്ദേഹം അണികളെ കൈവീശി കാണിക്കുന്നതിന്‍റെ ഉള്‍പ്പടെയുള്ള ദൃശ്യങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു രാഹുലിന്‍റെ ട്രക്ക് യാത്ര പുറംലോകമറിയുന്നത്.