കേരളം

kerala

By

Published : Jun 29, 2023, 3:08 PM IST

Updated : Jun 29, 2023, 3:34 PM IST

ETV Bharat / bharat

Manipur Violence | രാഹുലിന് ഹെലികോപ്‌റ്ററില്‍ സഞ്ചരിക്കാം ; അനുമതി നല്‍കി മണിപ്പൂര്‍ പൊലീസ്

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാന്‍ പോവുന്നതിനിടെയാണ് രാഹുലിന്‍റെ വാഹനവ്യൂഹം പൊലീസ് തടഞ്ഞത്

Etv Bharat
Etv Bharat

ഇംഫാൽ :മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ പൊലീസ് തടഞ്ഞ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഹെലികോപ്‌റ്ററില്‍ സഞ്ചരിക്കാന്‍ അനുമതി. സംസ്ഥാനത്തെ കലാപ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിന്‍റെ വാഹനവ്യൂഹത്തെ അക്രമ സാധ്യത മുന്നില്‍ കണ്ടാണ് തടഞ്ഞതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്‌ണുപൂരിൽ വച്ചാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വാഹനം തടഞ്ഞത്.

പൊലീസ് നടപടിയെ തുടര്‍ന്ന് ബിഷ്‌ണുപൂരിൽ നിന്നും രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാന്‍ രാഹുല്‍ ചുരാചന്ദ്പൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ഇടപെട്ടത്.

രാഹുലിന്‍റെ സന്ദര്‍ശനത്തില്‍ എതിര്‍പ്പില്ലെന്ന് ബിജെപി :രാഹുലിനെതിരായപൊലീസ് നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുത്തിരുന്നു. തുടര്‍ന്ന്, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വാഹനവ്യൂഹം തടഞ്ഞ നടപടിയില്‍ ബിജെപിയും പ്രതികരിച്ചു. രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശനം നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ വിദ്യാര്‍ഥി സംഘടനകളുടെ നിലപാട് ഇങ്ങനെ ആയിരിക്കില്ലെന്നും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി വ്യക്തമാക്കി. ബിഷ്‌ണുപൂർ ജില്ലയിലെ ഉത്‌ലോ ഗ്രാമത്തിന് സമീപം, രാഹുലിന്‍റെ വാഹനവ്യൂഹത്തിന് നേരെ അക്രമികള്‍ ടയറുകളും കല്ലുകളും കത്തിച്ചിട്ടെന്നും ഇതുകൊണ്ടാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

'രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ബിഷ്‌ണുപൂരിന് സമീപമാണ് പൊലീസ് തടഞ്ഞത്. ഞങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി തരാന്‍ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. രാഹുൽ ഗാന്ധി സഞ്ചരിക്കുമ്പോള്‍ റോഡിന്‍റെ ഇരുവശത്തും ആളുകള്‍ കൈവീശിക്കാണിക്കാന്‍ ആവേശത്തോടെ നിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും, പൊലീസ് എന്തുകൊണ്ടാണ് തടഞ്ഞതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല' - കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞതായി പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തും. ശേഷം ചില പ്രാദേശിക സംഘടനകളുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം.

മണിപ്പൂര്‍ സംഘര്‍ഷമുണ്ടായത് മെയ്‌ മൂന്നിന് :ഇക്കഴിഞ്ഞ മേയിലാണ് മണിപ്പൂരില്‍ മെയ്‌തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെടുകയും 310 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍, ഇതിലധികം ആളുകള്‍ കൊല്ലപ്പെടുകയും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. മെയ്‌തി വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചതോടെയാണ് സംസ്ഥാനത്തെ സ്ഥിതി വഷളായത്.

മെയ്‌തി വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം അഴിച്ചുവിട്ടായിരുന്നു തുടക്കം. ഇതര വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മെയ്‌ മൂന്നിനാണ് ആദ്യമായി മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായത്. തൊട്ടടുത്ത ദിവസം സ്ഥിതി വഷളായതോടെ സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 355 പ്രഖ്യാപിക്കുകയുണ്ടായി. ബാഹ്യ, ആഭ്യന്തര ആക്രമണങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 355.

Last Updated : Jun 29, 2023, 3:34 PM IST

ABOUT THE AUTHOR

...view details