ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയെ തീരുമാനിക്കാനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി യോഗം ചേർന്നു. മുതിർന്ന നേതാക്കളായ അംബിക സോണി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്. കോൺഗ്രസ് നിയമസഭ കക്ഷി യോഗം പതിനൊന്ന് മണിക്ക് ചേർന്നതിന് ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അംബിക സോണി മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള ഏത് നീക്കത്തെയും തടയുമെന്ന് രാജിവച്ച ശേഷം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. വൈകീട്ട് ചേർന്ന കോണ്‍ഗ്രസ് അടിയന്തര നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് അമരീന്ദർ സിങ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.