ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് മൗലാന ആസാദ് റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദേശീയ പതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തില്‍ ദേശീയ ഗാനത്തിന്‍റെ അകമ്പടിയോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതാക ഉയര്‍ത്തിയത്. ഇതോടെ ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി.
പ്രിയങ്ക ഗാന്ധി വാദ്രയ്‌ക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം മൗലാന ആസാദ് റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി ഒത്തുചേര്‍ന്നിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി തനിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ അണിനിരന്ന പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് സംസാരിച്ചു. പന്ത ചൗക്കില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി.
2022 സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര 136 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്ന് ശ്രീനഗറില്‍ സമാപിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിനോട് അനുബന്ധിച്ച് പര്യടനത്തിന്‍റെ അവസാന ദിവസമായിരുന്ന ഇന്നലെ ലാല്‍ ചൗക്കിലെ ചരിത്ര പ്രസിദ്ധമായ ക്ലോക്ക് ടവറില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തിയിരുന്നു. ജമ്മു കശ്‌മീരിലെ നര്‍വാളില്‍ നടന്ന ഇരട്ട സ്‌ഫോടനം സുരക്ഷ ആശങ്ക ഉയര്‍ത്തിയിരുന്നു.
പരിപാടിയ്‌ക്ക് കനത്ത സുരക്ഷ: വാഹന ഗതാഗതം പൂര്‍ണമായി നിര്‍ത്തലാക്കിയും കടകളും ചന്തയും തുറക്കാന്‍ അനുവദിക്കാതെയുമാണ് രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്‌ക്കും ഇന്നലെ ലാല്‍ ചൗക്കില്‍ ജമ്മു കശ്‌മീര്‍ ഭരണകൂടം സുരക്ഷ ഒരുക്കിയത്. തുടര്‍ച്ചയായ രണ്ടാം ദിവസവും ലാല്‍ ചൗക്കില്‍ വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സുരക്ഷ ക്രമീകരണം. 28ന് രാത്രി തന്നെ ലാല്‍ ചൗക്കിലെ പ്രധാന റോഡുകള്‍ അടച്ചിരുന്നു.