കേരളം

kerala

ETV Bharat / bharat

'എന്തിനാണ് എപ്പോഴും ബിജെപിയുടെ ചോദ്യം നിങ്ങൾ ആവർത്തിക്കുന്നത്' ; മാധ്യമ പ്രവർത്തകരോട് രാഹുൽ ഗാന്ധി - Karnataka Election

കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള യോഗത്തിൽ പങ്കെടുക്കാൻ എഐസിസി ആസ്ഥാനത്ത് എത്തിയതായിരുന്നു രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി  Rahul Gandhi  Modi  മോദി  അദാനി വിഷയം  ബിജെപിക്കെതിരെ രാഹുൽ ഗാന്ധി  Rahul Gandhi against BJP  എഐസിസി  AICC  കോണ്‍ഗ്രസ്  Congress  Karnataka Election  കർണാടക തെരഞ്ഞെടുപ്പ്
രാഹുൽ ഗാന്ധി

By

Published : Apr 4, 2023, 2:13 PM IST

ന്യൂഡൽഹി : അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് ജുഡീഷ്യറിയിൽ കോൺഗ്രസ് സമ്മർദം ചെലുത്തുന്നു എന്ന ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് രാഹുൽ ഗാന്ധി. കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള യോഗത്തിനായി ഡൽഹിയിലെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.

നീതിന്യായ വ്യവസ്ഥയിൽ കോണ്‍ഗ്രസ് സമ്മർദം ചെലുത്തുന്നു എന്ന ആരോപണങ്ങളെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചതോടെയാണ് രാഹുൽ ഗാന്ധി രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്. 'എന്തിനാണ് നിങ്ങൾ എപ്പോഴും ബിജെപി പറയുന്നത്, ബിജെപി പറഞ്ഞത് എന്നൊക്കെ പറഞ്ഞുകൊണ്ട് വരുന്നത്?. വളരെ ലളിതമായൊരു കാര്യമുണ്ട്. അദാനിയുടെ ഷെൽ കമ്പനികളിലെ 20,000 കോടി രൂപ ആരുടേതാണ്? ആ ബിനാമികൾ ആരാണ്' - രാഹുൽ ചോദിച്ചു.

കർണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ, വീരപ്പ മൊയ്‌ലി, രൺദീപ് സുർജേവാല, ഡികെ സുരേഷ്, പ്രിയങ്ക് ഖാർഗെ, മൊഹ്‌സിന കിദ്വായ് തുടങ്ങിയ പാർട്ടി നേതാക്കളും എഐസിസി ആസ്ഥാനത്ത് യോഗത്തിനായി എത്തിച്ചേർന്നിരുന്നു. നേരത്തെ മാർച്ച് 25ന് കോണ്‍ഗ്രസ് 124 സ്ഥാനാർഥികളുടെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചിരുന്നു. മെയ് 10 നാണ് കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ്.

നേരിട്ട് ഹാജരായി രാഹുൽ ഗാന്ധി : കഴിഞ്ഞ ദിവസം അപകീർത്തി കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തി അപ്പീൽ നൽകിയിരുന്നു. ശിക്ഷയും കുറ്റവും മരവിപ്പിക്കാൻ അപേക്ഷകളും സമർപ്പിച്ചിരുന്നു. ഇതിന്‌ പിന്നാലെ സൂറത്ത് സെഷൻസ് കോടതി രാഹുലിന്‍റെ ജാമ്യ കാലാവധി ഈ മാസം 13 വരെ നീട്ടിയിരുന്നു. ഹർജിയിൽ ഏപ്രിൽ 10നകം പ്രതികരണം അറിയിക്കാൻ പരാതിക്കാരനോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി, എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു തുടങ്ങിയവരും രാഹുലിനെ അനുഗമിച്ചിരുന്നു. ഇതിനിടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സൂറത്തിലേക്ക് വരുന്നത് തടയാന്‍ പൊലീസ് അനധികൃതമായി അറസ്റ്റ് ചെയ്യുന്നുവെന്ന ആരോപണവുമായും കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

വിവാദമാക്കിയ മോദി പരാമർശം : 2019 ഏപ്രില്‍ 13ന് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിക്കിടെയാണ് കേസിനാസ്‌പദമായ പരാമർശം രാഹുൽ ഗാന്ധി ഉന്നയിച്ചത്. എല്ലാ കള്ളന്മാര്‍ക്കും പൊതുവായി മോദി എന്ന് പേരുള്ളത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്‍റെ ചോദ്യം.

പിന്നാലെ രാഹുൽ ഗാന്ധി 'മോദി' സമുദായത്തെ ആകെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് എംഎൽഎ പൂർണേഷ് മോദി കേസ് നൽകുകയായിരുന്നു. പിന്നാലെയാണ് സൂറത്ത് മജിസ്‌ട്രേട്ട് കോടതി രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചത്. കോടതി വിധിക്ക് പിന്നാലെ ലോക്‌സഭ സെക്രട്ടേറിയേറ്റ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു.

ABOUT THE AUTHOR

...view details