ന്യൂഡല്‍ഹി: സൂറത്ത് കോടതി വിധിയ്‌ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടത് ബിജെപിയുമായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പോര് മുറുകാനിടയായി. ലോക്‌സഭ അംഗത്വം നഷ്‌ടപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കായി ശക്തമായ പോരട്ടത്തിനിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.
പ്രിയങ്ക ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെടെ രാഹുല്‍ ഗാന്ധിക്കായി ശബ്‌ദമുയര്‍ത്തിയപ്പോള്‍ മറ്റ് പ്രതിപക്ഷ നേതാക്കളായ മമത ബാഞ്ചർജി, കെ ചന്ദ്രശേഖർ റാവു, എംകെ സ്റ്റാലിൻ, ഹേമന്ദ് സോറൻ, അരവിന്ദ് കെജിവാൾ, ശരദ് യാദവ്, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് എന്നിവരും അവര്‍ക്കൊപ്പം ചേരുകയും ബിജെപിയെ വിമര്‍ശിക്കുകയും ചെയ്‌തു. ബിജെപിയ്‌ക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ ആഞ്ഞടിച്ച പ്രതിപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ചു.
അതേസമയം പാർലമെന്‍റിനും സർക്കാരിനും നീതിന്യായ വ്യവസ്ഥയ്ക്കും രാജ്യത്തിനും മുകളിലാണ് രാഹുൽ ഗാന്ധിയെന്നാണ് അദ്ദേഹം സ്വയം വിലയിരുത്തുന്നതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു. രാഹുലിനെ പുറത്താക്കാന്‍ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് അതിനെ കുറിച്ച് രാഹുല്‍ ഗാന്ധി അന്വേഷണം നടത്തണമെന്നും താക്കൂര്‍ പറഞ്ഞു. നിലവില്‍ രാഹുല്‍ ഗാന്ധി ഏഴ് കേസുകളില്‍ ജാമ്യത്തിലാണെന്നും കേസുമായി ബന്ധപ്പെട്ട് മുമ്പ് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും താക്കൂര്‍ വ്യക്തമാക്കി.
നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇന്നൊരു എംപിയാണ്. അദ്ദേഹം അയോഗ്യനാക്കപ്പെട്ടതിലൂടെ വയനാട്ടിലെ ജനങ്ങള്‍ മോചിതരായെന്നും മന്ത്രി അനുരാഗ് താക്കൂർ കൂട്ടിച്ചേര്‍ത്തു.