ന്യൂഡൽഹി: സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭരണകക്ഷിയായ ബിജെപിയുടെ കടന്നാക്രമണത്തെ നേരിടാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതി ശിക്ഷാവിധി സംബന്ധിച്ച കൊടുങ്കാറ്റ് വെള്ളിയാഴ്ച പാർലമെന്‍റിനെ ഇളക്കിമറിക്കാൻ ഒരുങ്ങുന്ന വേളയിൽ പതിനെട്ടടവിനും തയ്യാറായി ആവും കോൺഗ്രസ് പാർലമെന്‍റിനെ അഭിമുഖീകരിക്കുക. അദാനി അഴിമതി വിഷയം അന്വേഷിക്കാൻ സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് (ജെപിസി) അനുമതി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നടത്തുന്ന സമരങ്ങളും പ്രതിഷേധങ്ങളും തുടരും എന്ന് തന്നെയാണ് ഔദ്യോഗിക വിവരങ്ങൾ.
സൂറത്ത് കോടതിയുടെ ഇന്നലത്തെ വിധി 2024ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുമോ എന്നതിനെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകൾ നിലനിൽക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ അപ്പീൽ കോടതിയിൽ നിലനിൽക്കുന്നിടത്തോളം കാലം അയോഗ്യത ഭീഷണിയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ഭരണഘടന-നിയമ വിദഗ്ധരെ ഉദ്ധരിച്ചു മാധ്യമങ്ങളെ അറിയിച്ചത്. അതേ സമയം പ്രധാനമന്ത്രിയെ വിമർശിച്ചതിന് കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ച രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്‌പീക്കർക്ക് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്താൽ പരാതി നൽകി. പരാതി ലഭിച്ചതിനെ തുടർന്ന് സ്‌പീക്കര്‍ നിയമോപദേശം തേടിയിട്ടുണ്ട്.
ബജറ്റ് സെഷന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ രണ്ടാം വാരത്തിലും പാർലമെന്‍റിലെ സ്തംഭനാവസ്ഥയിൽ തന്നെയായിരുന്നു. ഹിൻഡൻബർഗ്-അദാനി തർക്കത്തിൽ ജെപിസി (ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി) അന്വേഷണം വേണമെന്ന നിലപാടിൽ നിന്ന് അയവ് വരുത്താതെ കോൺഗ്രസും, ലണ്ടൻ സന്ദർശന വേളയിൽ രാഹുൽ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബിജെപിയും സഭയിൽ പ്രതിഷേധം തുടങ്ങിയതിന് സമവായം എത്താത്ത സാഹചര്യത്തിലാണ് പുതിയ പ്രശ്‌നങ്ങൾ കൂടി രംഗത്ത് എത്തുക.