ന്യൂഡല്‍ഹി: അദാനി വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖം തിരിച്ചു നില്‍ക്കുകയാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയുണ്ടാകാതിരിക്കാൻ നരേന്ദ്ര മോദി പരമാവധി ശ്രമിക്കുകയാണെന്നും എന്നാല്‍ ശതകോടീശ്വരനായ ബിസിനസുകാരന് പിന്നിലുള്ള ശക്തി ആരാണെന്ന് രാജ്യം തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം അദാനി വിഷയത്തിൽ ചർച്ച നടക്കണമെന്നും സത്യം പുറത്തുവരണമെന്നുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'അദാനി വിഷയത്തില്‍ ചര്‍ച്ചയുണ്ടാകാതിരിക്കാൻ മോദി പരമാവധി ശ്രമിക്കും'; കേന്ദ്ര സര്‍ക്കാരിനെതിരെ സ്വരം കടുപ്പിച്ച് രാഹുല്‍ ഗാന്ധി - അദാനി
അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഓഹരി ക്രമക്കേട് ആരോപണം ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തെ തുറന്നെതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി
'നാം രണ്ട്, നമുക്ക് രണ്ട്' എന്ന് വര്‍ഷങ്ങളായി ഞാന്‍ ഈ സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. പാര്‍ലമെന്‍റില്‍ അദാനി ജിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഇഷ്‌ടപ്പെടുന്നില്ല എന്നു മാത്രമല്ല അതിനെ അവര്‍ ഭയക്കുന്നു. ചര്‍ച്ചക്ക് എന്തെങ്കിലുമൊരു ശ്രമമുണ്ടായാല്‍ അവരത് മുടക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം സാധാരണക്കാരായ ജനങ്ങളുടെ കോടിക്കണക്കിന് രൂപ ഉള്‍പ്പെട്ട വിഷയമായതിനാല്‍ തന്നെ അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ സര്‍ക്കാരിനെതിരെ കടന്നാക്രമണം ശക്തമാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയുടെയോ അല്ലെങ്കില്‍ ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റിയുടെയോ മേല്‍നോട്ടത്തില്‍ നിഷ്‌പക്ഷമായ അന്വേഷണമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മാത്രമല്ല ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നുതന്നെയാണ് സിപിഎമ്മിന്‍റെയും ആവശ്യം.