ന്യൂഡൽഹി: പുതിയ പാർലമെന്‍റിന്‍റെ ഉദ്‌ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്‍റിന്‍റെ ഉദ്‌ഘാടനത്തെ തന്‍റെ കീരിട ധാരണമായാണ് മോദി കാണുന്നത് എന്നാണ് രാഹുൽ വിമർശിച്ചത്. 'പാർലമെന്‍റ് ജനങ്ങളുടെ ശബ്‌ദമാണ്, പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തെ കിരീട ധാരണമായാണ് പ്രധാനമന്ത്രി കണക്കാക്കുന്നത്', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
അതേസമയം പ്രധാനമന്ത്രിയേയും, കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ഒട്ടേറെ നേതാക്കളും രംഗത്തെത്തി. കോൺഗ്രസ് നേതാവ് ജയറാം രമേശും നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു. "പാർലമെന്‍റിന്‍റെ നടപടിക്രമങ്ങളോട് തികഞ്ഞ അവജ്ഞയോടെ സ്വയം മഹത്വപ്പെടുത്തുന്ന സ്വേച്ഛാധിപത്യ പ്രധാനമന്ത്രി. അപൂർവമായി മാത്രം പാർലമെന്‍റിൽ പങ്കെടുക്കുന്നയാൾ, 2023 ൽ പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു, ജയറാം രമേശ് പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സുപ്രിയ സുലെ (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി), സഞ്ജയ് റൗട്ട് (ശിവസേന ഉദ്ധവ് ബാലസഭ താക്കറെ) ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർലമെന്‍ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇന്ന് നടന്ന ഉദ്ഘാടന മാമാങ്കം എന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്.
ബിജെപി ഓഫിസ് അല്ല പാർലമെന്‍റാണ്: രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഇന്ത്യയുടെ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും മാറ്റി നിർത്തുന്നതിൽ ഒരു വിശദീകരണം നൽകാൻ ബിജെപിക്കോ പ്രധാനമന്ത്രിക്കോ കഴിഞ്ഞില്ല. ഗോത്ര വിഭാഗത്തിൽപ്പെടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ നേരിട്ട ഒരു വനിത പ്രസിഡന്‍റാണ് പദവിയിലിരിക്കുന്നത്. എന്നാൽ അവർക്ക് ടിവിയിലൂടെ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം കാണേണ്ട സാഹചര്യമാണ് ഉണ്ടായത്.