ന്യൂഡൽഹി: പഞ്ചാബ് യൂണിറ്റിന്‍റെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട് രാഹുൽ പഞ്ചാബ് കോൺഗ്രസ് മേധാവി സുനിൽ ജഖാർ, രാജ്യസഭ എംപി പ്രതാപ് സിംഗ് ബജ്‌വ, ധനമന്ത്രി മൻപ്രീത് സിംഗ് ബാദൽ എന്നിവരുമായി ചർച്ച നടത്തി. നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന് പഞ്ചാബ് കോൺഗ്രസ് മേധാവി സുനിൽ ജഖാർ പറഞ്ഞു.
Also read:മൃഗഡോക്ടറോട് അസഭ്യമായി സംസാരിച്ചു; മനേക ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തം
കോൺഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധു പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനകളെയും ജഖാർ വിമർശിച്ചു. പാർട്ടിയ്ക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കോൺഗ്രസ് എംഎൽഎമാരുടെ മക്കൾക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്ത സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "തന്നെ സംബന്ധിച്ചിടത്തോളം ഇത് തെറ്റാണ്. പാർട്ടി ഹൈക്കമാൻഡിനോട് മുമ്പും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ചില ആളുകൾ മുഖ്യമന്ത്രിക്ക് തെറ്റായ ഉപദേശങ്ങൾ നൽകുന്നു", ജഖാർ പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു. കൂടാതെ അടുത്ത തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ബജ്‌വ കൂട്ടിച്ചേർത്തു. അതേസമയം പ്രശ്ന പരിഹാരത്തിനായി ഓള്‍ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച മൂന്നംഗ സമിതി പാർട്ടി ഹൈക്കമാന്‍ഡിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അംബിക സോണി, സൽമാൻ ഖുർഷിദ് എന്നിവരോട് സംസ്ഥാന നേതാക്കളുമായി കൂടിയാലോചന നടത്താൻ പാർട്ടി ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.