കന്യാകുമാരി :കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്നഭാരത് ജോഡോ യാത്ര നാലാം ദിവസത്തില്‍. കന്യാകുമാരിയിലെ മുളഗുമൂടില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. യാത്രയുടെ മൂന്നാം ദിവസം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി ബിജെപിയും ആർഎസ്എസും രാജ്യത്തുണ്ടാക്കിയ നാശനഷ്‌ടങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്ന് അഭിപ്രായപ്പെട്ടു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ യാത്ര ജനങ്ങളുമായി ബന്ധപ്പെടുന്നതിനാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രം ഈ രാജ്യത്തിന് ഉണ്ടാക്കിയ നാശത്തിനും വിദ്വേഷത്തിനും എതിരെയാണ് ഞങ്ങൾ ഈ യാത്ര നടത്തുന്നത്. ഇന്ത്യൻ ഭരണകൂടത്തിന്‍റെ ഘടനയും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനവും പരിഹാസവുമായി ബിജെപി നേതാക്കള്‍ :അതേസമയം മൂന്ന് ദിവസം പിന്നിട്ട രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ബിജെപി നേതാക്കളും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ഒന്നിപ്പിക്കാനായി രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഭാരത് ജോഡോ യാത്രയിലാണ്. എന്നാല്‍ രാജ്യം ഇതിനോടകം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഒന്നിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു.