കത്വ: ഭാരത് ജോഡോ യാത്ര ഇന്നലെ ജമ്മു കശ്‌മീരിലേക്ക് കടന്നു. യാത്ര ഇപ്പോൾ 125-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാഹുലിനെ മുതിർന്ന കോൺഗ്രസ് നേതാക്കളും നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്‌ദുള്ളയും ചേർന്ന് ലഖൻപൂരിൽ സ്വീകരിച്ചു.
ഇന്ന് രാവിലെ കത്വയിലെ ഹത്‌ലി മോറിൽ നിന്ന് പുനരാരംഭിച്ച യാത്രയ്ക്ക് വൻ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്‌മീരിലെ ജനങ്ങളുടെ വേദനയും കഷ്‌ടപ്പാടുകളും പങ്കിടാനാണ് താൻ ഇവിടെ എത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്‍റെ പൂർവ്വികർ ജമ്മു കശ്‌മീരിൽ നിന്നുള്ളവരായിരുന്നു, ജമ്മു കശ്‌മീരിലെത്തിയപ്പോൾ നാട്ടിലേക്ക് മടങ്ങി എത്തിയതുപോലെ തോന്നുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജമ്മു കശ്‌മീരിൽ തന്നെ സ്വീകരിക്കാനെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും കാരുണ്യവും പ്രചരിപ്പിക്കാനാണ് ഭാരത് ജോഡോ യാത്ര ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടാം നൂറ്റാണ്ടിൽ വേദപണ്ഡിതനായ ശങ്കരാചാര്യ നടത്തിയ യാത്രയുമായി ഭാരത് ജോഡോ യാത്രയെ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്‌ദുല്ല താരതമ്യപ്പെടുത്തി.
വർഷങ്ങൾക്കുമുമ്പ് ശങ്കരാചാര്യ കന്യാകുമാരിയിൽ നിന്ന് കശ്‌മീരിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. ഇന്ന് രാഹുൽ ഗാന്ധി അത് ചെയ്യുന്നുവെന്നാണ് ഫാറൂഖ് അബ്‌ദുല്ല പറഞ്ഞത്.
വെള്ള ടി ഷർട്ട് വിവാദം:ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കൊടുംതണുപ്പിലും ടി ഷർട്ട് മാത്രം ധരിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ യാത്ര. എന്നാൽ, ചർച്ചകൾക്ക് വിരാമം ഇട്ടുകൊണ്ട് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ജാക്കറ്റ് ധരിച്ചിരിക്കുകയാണ്. പ്രദേശത്ത് മഴ ഉണ്ടായതിനെ തുടർന്നാണ് രാഹുൽ ജാക്കറ്റ് ധരിച്ചത്. തണുപ്പ് കൊണ്ട് വിറയ്ക്കുമ്പോഴെ സ്വെറ്റർ ധരിക്കുന്നതിനെകുറിച്ച് ചിന്തിക്കൂ എന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.