ന്യൂഡൽഹി :എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ തന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി. 'അയോഗ്യനാക്കപ്പെട്ട എംപി' (Dis’Qualified MP) എന്നാണ് രാഹുൽ തന്‍റെ ട്വിറ്റർ, ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ ബയോയിൽ ചേർത്തത്. ട്വിറ്ററിൽ രാഹുൽ ഗാന്ധിക്ക് 23 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്.
പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ തന്‍റെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകളിൽ മാറ്റം വരുത്തിയത്. അതേസമയം അയോഗ്യത നടപടി മുൻനിർത്തി കേന്ദ്രസർക്കാരിനെതിരെ ജനങ്ങൾക്കിടയിലേക്കിറങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്‍റെ ഭാഗമാണ് ഈ മാറ്റം എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന സൂചന.
രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തേ വ്യക്‌തമാക്കിയിരുന്നു. അതേസമയം അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജ്‌ഘട്ടില്‍ കോണ്‍ഗ്രസ് സങ്കല്‍പ്പ് സത്യഗ്രഹത്തിന് തുടക്കം കുറിച്ചു. പൊലീസ് അനുമതി ഇല്ലാതെയാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്. കോണ്‍ഗ്രസ് സത്യഗ്രഹത്തിന് നേരത്തെ അനുമതി നിഷേധിച്ച പൊലീസ് സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.
ഇത് മറികടന്നാണ് കോണ്‍ഗ്രസ് പ്രതിഷേധപരിപാടി തുടരുന്നത്. അതേസമയം പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കെല്ലാം കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിക്കുന്ന സങ്കല്‍പ്പ് സത്യഗ്രഹ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ് ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യമുണ്ട്.
ALSO READ:രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; നിരോധനാജ്ഞ മറികടന്ന് രാജ്‌ഘട്ടില്‍ സത്യഗ്രഹം ആരംഭിച്ച് കോണ്‍ഗ്രസ്