ന്യൂഡൽഹി: റഷ്യൻ വാക്‌സിനായ സ്‌പുട്‌നിക് 5ന്‍റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ പരിഹാസ ട്വീറ്റുമായി രാഹുൽഗാന്ധി. രാഹുൽ ഗാന്ധി വിദേശ മരുന്ന് കമ്പനികൾക്കായാണ് പ്രവർത്തിക്കുന്നത് എന്ന രീതിയിലുള്ള ബിജെപി നേതാക്കൾക്കളുടെ ആരോപണത്തിനെതിരയും കൂടിയാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
"ആദ്യം അവർ നിങ്ങളെ അവഗണിക്കുന്നു. എന്നിട്ട് അവർ നിങ്ങളെ പരിഹസിക്കുന്നു. പിന്നെ അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നു, അവസാനം നിങ്ങൾ വിജയിക്കുന്നു" രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
രാഹുൽഗാന്ധി ഒരു പാർട്ടൈം രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം എപ്പോഴും വിദേശ മരുന്നു കമ്പനികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കർ ശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തിരുന്നു. "ആദ്യം രാഹുൽഗാന്ധി വിദേശ യുദ്ധവിമാന കമ്പനികൾക്കായി പ്രവർത്തിച്ചു. ഇപ്പോൾ വിദേശ വാക്സിനുകൾക്ക് അനിയന്ത്രിതമായ അനുമതി ആവശ്യപ്പെട്ട് ഫാർമ കമ്പനികൾക്കായി പ്രവർത്തിക്കുന്നു" കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.
സ്പുട്‌നിക് 5 വാക്‌സിന്‍റെ അടിയന്തര സാഹചര്യങ്ങളിലുള്ള നിയന്ത്രിത ഉപയോഗത്തിന് ദേശീയ റെഗുലേറ്റർ ചൊവ്വാഴ്ചയാണ് അനുമതി നൽകിയത്. ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിൽ സ്‌പുട്നിക് 5 ഉപയോഗിക്കുന്നതിന് അംഗീകരമുണ്ട്. കൊവിഡ് 19ന്‍റെ രണ്ടാം ഘട്ട വ്യപനത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന സമയത്താണ് സ്പുട്‌നിക് 5ന്‍റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിക്കുന്നത്.
Also read: ഇന്ത്യയില്‍ നിലവിലുള്ളതും വരാൻ പോകുന്നതുമായ കൊവിഡ് വാക്സിനുകള്‍