ഇംഫാല്‍: സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹം തടഞ്ഞു. ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്‌ണുപൂരിൽ വച്ചാണ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തെ പൊലീസ് തടഞ്ഞത്. ഇംഫാലിൽ എത്തിയ ശേഷം, പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നതിനായി അദ്ദേഹം ചുരാചന്ദ്പൂരിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
അക്രമം ഭയന്നാണ് വാഹനവ്യൂഹം തടഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഷ്‌ണുപൂർ ജില്ലയിലെ ഉത്‌ലോ ഗ്രാമത്തിന് സമീപമുള്ള ഹൈവേയിൽ ടയറുകൾ കത്തിക്കുകയും വാഹനവ്യൂഹത്തിന് നേരെ കല്ലുകൾ എറിയുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ എത്തിയത്. സംസ്ഥാനത്തെ പിടിച്ചുലച്ച വംശീയ കലഹത്തില്‍ കുടിയിറക്കപ്പെട്ടവരെ കാണുന്നതിനായി ചുരാചന്ദ്പൂര്‍ ജില്ലയിലാണ് രാഹുല്‍ ഗാന്ധി ആദ്യം സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്.
നാളെ (ജൂണ്‍ 30) ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തും. ശേഷം ചില പ്രാദേശിക സംഘടനകളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ മേയില്‍ ആണ് മണിപ്പൂരില്‍ മെയ്‌തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപം ആരംഭിക്കുന്നത്. സംഘര്‍ഷത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും 310 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മെയ്‌തി വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചതോടെയാണ് സംസ്ഥാനത്തെ സ്ഥിതി വഷളായത്.
മെയ്‌തി വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം അഴിച്ചുവിട്ടായിരുന്നു തുടക്കം. ഇതര വിഭാഗങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മെയ് മൂന്നിനാണ് ആദ്യമായി മണിപ്പൂരില്‍ സംഘര്‍ഷം ഉണ്ടായത്. തൊട്ടടുത്ത ദിവസം സ്ഥിതി വഷളായതോടെ സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 355 പ്രഖ്യാപിക്കുകയുണ്ടായി. ബാഹ്യ, ആഭ്യന്തര ആക്രമണങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 355.
ചുരാചന്ദ്പൂര്‍, ഇംഫാല്‍ വെസ്റ്റ്, കാക്‌ചിങ്, തൗബാൾ, ജിരിബാം, ബിഷ്‌ണുപൂർ, കാംഗ്പോക്‌പി എന്നീ ജില്ലകളിലാണ് രൂക്ഷമായ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തി വിഭാഗം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിച്ചിരുന്നത്. ആദിവാസികളായ നാഗകളും കുക്കികളും ജനസംഖ്യയുടെ 40 ശതമാനമാണ്. ഇവര്‍ പ്രധാനമായും മലയോര മേഖലകളില്‍ താമസിക്കുന്നവരാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് മെയ്‌തി, കുക്കി സമുദായത്തില്‍ പെട്ട 9000ത്തില്‍ അധികം ആളുകളാണ് പലായനം ചെയ്‌തത്.
സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ അസമിലെ കച്ചാര്‍ ജില്ലയിലും മിസോറാമിലെ സെയ്‌ച്വല്‍ ജില്ലയിലും അഭയം തേടിയിട്ടുണ്ട്. കൂടാതെ നിരവധി കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും ആക്രമണത്തില്‍ അഗ്‌നിക്കിരയായി. മണിപ്പൂരില്‍ കലുഷിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനം സന്ദര്‍ശിച്ച് വിവിധ സമുദായ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മണിപ്പൂര്‍ ഗവര്‍ണറുടെ മേല്‍നോട്ടത്തില്‍ സമാധാന സമിതി രൂപീകരിക്കാനും അമിത് ഷാ നിര്‍ദേശം നല്‍കുകയുണ്ടായി. അതേസമയം കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു.
ഇതിനിടെ മണിപ്പൂരിലെ ഈസ്റ്റ് ഇംഫാല്‍ ഖമെൻലോക് പ്രദേശത്തെ ക്രിസ്‌ത്യന്‍ പള്ളിക്കുള്ളിൽ വെടിവയ്‌പ്പ് ഉണ്ടായിരുന്നു. സ്‌ത്രീകൾ ഉൾപ്പെടെ ഒമ്പത് പേരാണ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വന്നിരുന്നു. പിന്നാലെ ജൂണ്‍ 16ന് കേന്ദ്രമന്ത്രി രാജ്‌കുമാര്‍ രഞ്ജന്‍റെ വീടിന് ആക്രമികള്‍ തീവയ്‌ക്കുകയുണ്ടായി.