ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം നഗ്നരാക്കി റോഡിലൂടെ നടത്തുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നരേന്ദ്ര മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിലെ സ്ഥിതി മോശമാക്കിയതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മെയ് 3ന് മണിപ്പൂരില്‍ പൊട്ടി പുറപ്പെട്ട കലാപത്തില്‍ ഇതിനകം 120ലധികം പേരാണ് കൊല്ലപ്പെട്ടത്.
കലാപത്തെ കുറിച്ച് പ്രധാനമന്ത്രി ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും യാതൊരു വിധ നടപടികളും സ്വീകരിച്ചില്ലെന്നും അതാണ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരാന്‍ കാരണമായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'പ്രധാനമന്ത്രിയുടെ മൗനം സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നത്. സമാധാനമാണ് ഇതിന് മുന്നിലുള്ള ഏക മാര്‍ഗം' -രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
സംഘര്‍ഷത്തിന് പിന്നാലെ മണിപ്പൂരിലെത്തി സ്ഥിതിഗതി വിലയിരുത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്‌ത രാഹുല്‍ ഗാന്ധി ഇതാദ്യമായല്ല വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര പറഞ്ഞു. 'മണിപ്പൂരില്‍ അരങ്ങേറുന്നത് ഒരു ആഭ്യന്തര യുദ്ധമാണ്. യുദ്ധത്തിന് ഞങ്ങളെല്ലാം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തിന് അകത്ത് നടക്കുന്ന സംഭവമാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്' -മഹുവ മൊയ്‌ത്ര പറഞ്ഞു.