ബെംഗളൂരു:കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ ശശി തരൂരോ തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. ഇരുവര്‍ക്കും 'റിമോട്ട് കൺട്രോൾ' ഭരണം നടത്താനാവില്ല. ഇത്തരമൊരു പരാമർശം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഭാരത് ജോഡോ യാത്രയ്‌ക്കിടെ കര്‍ണാടകയില്‍ മാധ്യമങ്ങളോട് സംവദിക്കവെ രാഹുല്‍ വ്യക്തമാക്കി.
ALSO READ |'കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല': വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍
"തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. അതുകൊണ്ടുതന്നെ അതേക്കുറിച്ച് ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. അവർ ഉന്നത നേതാക്കളും കൃത്യമായ ബോധ്യങ്ങളുമുള്ളവരാണ്. അവരെ റിമോട്ട് വഴി നിയന്ത്രിക്കുമെന്ന് പറയുന്നത് ഒട്ടും ശരിയല്ല." രാഹുൽ വിശദീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നവര്‍ റിമോട്ടുകളാല്‍ നിയന്ത്രിക്കപ്പെടുന്നവര്‍ ആയിരിക്കുമെന്നാണ് ബിജെപി അടക്കമുള്ള പാര്‍ട്ടികളുടെ പരിഹാസം. ഇക്കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
ഭാരത് ജോഡോ യാത്രയിൽ താൻ ഒറ്റയ്ക്കല്ല. തൊഴിലില്ലായ്‌മ, വിലക്കയറ്റം, അസമത്വം എന്നിവയാല്‍ പൊറുതിമുട്ടിയ ലക്ഷക്കണക്കിന് ആളുകളാണ് ഒപ്പമുള്ളത്. തനിക്കെതിരെ കള്ളപ്രചരണം നടത്താന്‍ ബിജെപിയ്‌ക്ക് 'എണ്ണയിട്ട യന്ത്രം' (ബിജെപി ഐടി സെല്‍) പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ എങ്ങനെയൊക്കെ പ്രചാരണം നടത്തിയാലും താന്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.