മൈസൂരു: കര്‍ണാടകയിലെ കനത്ത മഴയ്‌ക്കിടയിലും ഭാരത് ജോഡോ യാത്രയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് രാഹുല്‍ ഗാന്ധി. കന്യാകുമാരി മുതൽ കശ്‌മീർ വരെ ഒഴുകുന്ന ഒരു നദി പോലെയാണ് ഈ യാത്ര, ചൂടോ തണുപ്പോ മഴയോ കൊടുങ്കാറ്റോ കാരണം ഈ യാത്ര നിലയ്ക്കില്ല, ഈ നദിയിൽ വിദ്വേഷവും അക്രമവും കാണില്ലെന്നും റാലിയെ അഭിസംബോധന ചെയ്‌ത രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ 25-ാം ദിവസത്തില്‍ മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനത്തോട് അനുബന്ധിച്ച് മൈസൂരുവിലെ ബദനവാലുവിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും പാർട്ടി നേതാക്കളും പങ്കെടുത്തു.
ഇന്നലെ(ഒക്‌ടോബര്‍ 2) രാവിലെ 8 മണിക്ക് കർണാടകയിലെ ഖാദി ഗ്രാമോദ്യോഗിലെ മഹാത്മാഗാന്ധി പ്രതിമയിൽ രാഹുൽ ഗാന്ധി പുഷ്‌പാർച്ചന നടത്തി. തുടർന്ന് പ്രാർത്ഥന യോഗവും നടന്നു. ബദ്‌നാവാലുവിലെ ഖാദി ഗ്രാമ വ്യവസായങ്ങൾ സന്ദർശിച്ച രാഹുല്‍ ഗാന്ധി വനിത നെയ്ത്തുകാരെ കാണുകയും ജോലിയില്‍ അവരുടെ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്‌തു. ബദനവാലുവില്‍ വൃക്ഷത്തൈയും നട്ടാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.
അഞ്ച് മാസത്തിനുള്ളിൽ 12 സംസ്ഥാനങ്ങളിൽ പര്യടനം നടത്താനാണ് ഭാരത് ജോഡോ യാത്ര കൊണ്ട് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി സെപ്‌റ്റംബര്‍ 30നാണ് ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിച്ചത്. അടുത്ത 21 ദിവസം കോണ്‍ഗ്രസ് കര്‍ണാടകയില്‍ പര്യടനം നടത്തും. എല്ലാ ദിവസവും 25 കിലോമീറ്ററാണ് പദയാത്ര പിന്നിടുന്നത്.