ന്യൂഡല്‍ഹി:എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഔദ്യോഗിക വസതി ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭ ഹൗസിങ് കമ്മിറ്റി രാഹുലിന് നേരത്തെ നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്‍റെ ഔദ്യോഗിക വസതിയായ തുഗ്ലക്ക് ലെയ്‌ൻ 12ല്‍ നിന്നും മാറാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചത്.
ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ നിര്‍ദേശം പാലിക്കുമെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ലോക്‌സഭ സെക്രട്ടേറിയറ്റിന് കത്ത് കൈമാറിയിട്ടുണ്ട്.' നാല് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന നിലയില്‍, ജനങ്ങളോടാണ് ഇവിടുത്തെ സന്തോഷകരമായ നാളുകള്‍ക്ക് കടപ്പെട്ടിരിക്കുന്നത്. എന്‍റെ അവകാശങ്ങളെ കുറിച്ച് മുന്‍വിധികള്‍ ഒന്നും ഇല്ലാതെ തന്നെ നിങ്ങളുടെ കത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കും' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 22 നുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണമെന്ന നിര്‍ദേശം ആയിരുന്നു ലോക്‌സഭ ഹൗസിങ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്.
ലോക്‌സഭ ഹൗസിങ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ചതിന് പിന്നാലെ ഇതില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. വസതിയെ കുറിച്ച് രാഹുലിന് ആശങ്കകള്‍ ഒന്നുമില്ല, , രാജ്യത്തിന്‍റെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് അദ്ദേഹത്തിന് ഇപ്പോള്‍ പ്രധാനം എന്നുമായിരുന്നു കെസി വേണുഗോപാലിന്‍റെ പ്രതികരണം.