ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ നടക്കുന്ന യുവമോർച്ച ദേശീയ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ ഇന്ത്യൻ നായകനുമായ രാഹുൽ ദ്രാവിഡ്. മേയ് 12 മുതൽ 15 വരെ ഹിമാചൽപ്രദേശിൽ നടക്കുന്ന ചടങ്ങിൽ താൻ സംബന്ധിക്കുന്നതായി ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ആ വാർത്ത തെറ്റാണെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതായി എ.എൻ.ഐ ട്വീറ്റ് ചെയ്‌തു.
ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്‌റിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാർ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വാർത്ത ഏജൻസിയായ എഎൻഐയോട് വിശാൽ നെഹ്റിയ പ്രതികരിച്ചിരുന്നത്.
ദ്രാവിഡിന്‍റെ സാന്നിധ്യം യുവാക്കൾക്ക് വിവിധ മേഖലകളിൽ മികവ് തെളിയിക്കാനുള്ള സന്ദേശം നൽകുമെന്ന് നെഹ്‌റിയ അവകാശപ്പെട്ടു. രാഷ്ട്രീയത്തിൽ മാത്രമല്ല മറ്റു മേഖലകളിലും മുന്നോട്ടുപോകാനാകുമെന്ന സന്ദേശം പകരാൻ ദ്രാവിഡിന്‍റെ സാന്നിധ്യം കൊണ്ടാകുമെന്നും വിശാൽ നെഹ്‌റിയ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി രജിസ്റ്റർ ചെയ്‌ത 139 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഈ വർഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിലെ, ബിജെപി യോഗത്തിൽ രാഹുൽ ദ്രാവിഡ് പങ്കെടുത്താൽ, അതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടാകും. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 44 സീറ്റ് നേടിയാണ് ഹിമാചലിൽ ബിജെപി അധികാരത്തിലേറിയത്. 68 സീറ്റുകളുള്ള സംസ്ഥാനത്ത്, കേവല ഭൂരിപക്ഷത്തിനു 35 സീറ്റാണു വേണ്ടത്. 21 സീറ്റാണു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ലഭിച്ചത്.