പൂനെ :അന്തരിച്ച മുതിര്‍ന്ന വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജിന്‍റെ മൃതദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച വൈകുണ്‌ഠ വൈദ്യുത ശ്‌മശാനത്തിലാണ് അന്ത്യകർമങ്ങൾ നടന്നത്. മക്കളായ രാജീവ്, സഞ്ജീവ് എന്നിവരാണ് കര്‍മങ്ങള്‍ നടത്തിയത്.
സുപ്രിയ സുലെ എം.പി, ബാബ രാംദേവ്, ജില്ല കലക്‌ടർ രാജേഷ് ദേശ്‌മുഖ്, പൂനെ പൊലീസ് കമ്മിഷണർ അമിതാഭ് ഗുപ്‌ത തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. റൂബി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 8.30 ന് അകുർദിയിലെ വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 83 വയസുണ്ടായിരുന്നു രാഹുല്‍ ബജാജിന്.
'ബജാജിന് പുത്തന്‍ ഉണര്‍വേകിയ പ്രതിഭ'
പൂനെയില്‍ അര്‍ബുദ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30 നാണ് അന്ത്യം. ബജാജ് ഓട്ടോ കമ്പനിയുടെ നോൺ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍, ചെയർമാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും 2021 ഏപ്രിൽ 30 ന് അദ്ദേഹം ഒഴിയുകയുണ്ടായി. ബജാജിന്‍റെ വൈവിധ്യവത്‌കരണത്തിനായി നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. 2001 ല്‍ പദ്‌മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.
1938-ൽ കൊൽക്കത്തയിലാണ് ജനനം. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും (1958), 1964 ൽ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എം.ബി.എയും നേടി. 1965 ലാണ് അദ്ദേഹം ബജാജ് ഓട്ടോയുടെ ഭാഗമായത്. അന്താരാഷ്‌ട്ര വാണിജ്യ കൗൺസിൽ, ലോക സാമ്പത്തിക ഫോറം എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചു.
ALSO READ:ബജാജ് ഗ്രൂപ്പ് മുന്‍ ചെയർമാന്‍ രാഹുൽ ബജാജ് അന്തരിച്ചു