ന്യൂഡൽഹി:സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭരണകക്ഷിയായ ബിജെപി പാർലമെന്‍റിൽ വ്യാപക പ്രതിഷേധങ്ങൾ ഉയർത്താനിരിക്കുന്ന സാഹചര്യത്തിൽപാർലമെന്‍റിലെ കോൺഗ്രസ് പാർലമെന്‍ററി ഓഫിസിൽ കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. ബിജെപിയുടെ കടന്നാക്രമണത്തെ നേരിടാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് നയം രൂപീകരിക്കുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. യോഗത്തിൽ പാർട്ടി അധ്യക്ഷനും രാജ്യസഭയിലെ ലോക്‌സഭാംഗവും മല്ലികാർജുൻ ഖാർഗെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു.
ബ്രിട്ടൻ സന്ദർശന വേളയിൽ ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിച്ച്, കോൺഗ്രസ് എംപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാർ നടത്തുന്ന പ്രതിഷേധങ്ങളെ തുടർന്ന് പാർലമെന്‍റ് സെഷനുകൾ തുടർച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തുറുപ്പ് ചീട്ടായി സൂറത്ത് കോടതിയുടെ വിധി വന്നത്.
ഭാരത് ജോഡോ യാത്രക്ക് ശേഷം വിവാദങ്ങളൊഴിയാത്ത അവസ്ഥയിലാണ് രാഹുൽ ഗാന്ധി. തുടർച്ചയായ പ്രതിസന്ധികളും യോഗത്തിൽ ചർച്ചയാവും. അദാനി ഓഹരി വിപണിയിലെ തകർച്ചയെക്കുറിച്ചുള്ള ജെപിസി അന്വേഷണത്തിന് സർക്കാർ സമ്മതിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം തുടരാൻ തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ സ്പീക്കർക്ക് കത്ത്:മോദി സമുദായത്തിനെതിരെ അപകീര്‍ത്തി കേസില്‍ സൂറത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കർക്ക് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്താൽ പരാതി നൽകി. കോടതി ശിക്ഷിച്ചതോടെ ജനപ്രാതിനിധ്യ നിയമ പ്രകാരം രാഹുൽ അയോഗ്യനായതായി പരാതിയിൽ പറയുന്നു. എന്നാൽ കേസിലെ വിധിക്കെതിരെ രാഹുൽ ഗാന്ധി അപ്പീലിന് പോകുന്ന സാഹചര്യത്തിൽ അയോഗ്യത കൽപ്പിക്കപ്പെടില്ല എന്നാണ് കോൺഗ്രസിന്‍റെ വാദം.
Also Read: അരമുറുക്കി കോൺഗ്രസ്; പ്രതിഷേധം കത്തിക്കാൻ ബിജെപി: പാർലമെന്‍റ് സമ്മേളനം കൊടുങ്കാറ്റാവും
മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവുശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി നൽകിയത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് കോടതി ശരിവച്ച പരാമർശം നടന്നത്. മോദി സമുദായം അപമാനിക്കപ്പെട്ടു എന്ന് കാണിച്ച് ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്.
'ഒരു കാര്യം ചോദിക്കട്ടെ. ഈ കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി..' എന്നായിരുന്നു രാഹുലിന്‍റെ പ്രസംഗം. അത് മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു പൂർണേഷ് മോദിയുടെ ആരോപണം. വിചാരണക്കിടെ രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ അവസാനമായി ഹാജരായിരുന്നു. അപ്പീലിലെ വിധി എന്ത് തന്നെയായാലും, അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ നിർദേശപ്രകാരം ലോക്‌സഭാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം വരാത്തിടത്തോളം കാലം എംപി എന്ന പദവിയിൽ അദ്ദേഹം സാങ്കേതികമായി തുടരുന്നുണ്ട്.