ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ എക്‌സിൽ (മുൻപ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) തന്‍റെ ബയോ മാറ്റിയെഴുതി എഎപി നേതാവ് രാഘവ് ഛദ്ദ. 'സസ്‌പെൻഡ് ചെയ്യപ്പെട്ട പാർലമെന്‍റ് അംഗം' (Suspended Member of Parliament) എന്നാണ് രാഘവ് സമൂഹ മാധ്യമത്തിലെ തന്‍റെ ബയോയിൽ എഴുതിയത്. പാർലമെന്‍റിലെ നിയമങ്ങളുടെ ലംഘനം, മോശം പെരുമാറ്റം, ധിക്കാര മനോഭാവം, അവഹേളനപരമായ പെരുമാറ്റം എന്നീ കാരണങ്ങളിലാണ് രാഘവ് ചദ്ദയെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.
സസ്‌പെൻഷൻ അവകാശലംഘന ആരോപണത്തിൽ :ഡൽഹി സേവന ബില്ലുമായി ബന്ധപ്പെട്ട ഒരു പ്രമേയത്തിൽ അനുമതിയില്ലാതെ നാല് എംപിമാരുടെ പേരുകൾ ഉൾപ്പെടുത്തിയതിന് എംപിമാർ രാഘവ് ഛദ്ദയ്‌ക്കെതിരെ അവകാശലംഘന ആരോപണം നടത്തിയിരുന്നു. ഈ വിഷയത്തിൽ എഎപി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് സഭ നേതാവ് പിയൂഷ് ഗോയൽ കൊണ്ടുവന്ന പ്രമേയത്തെ തുടർന്നാണ് രാഘവിനെ ഇന്നലെ (ഓഗസ്റ്റ് 11) സസ്‌പെൻഡ് ചെയ്‌തത്. ഗവണ്‍മെന്‍റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ 2023 പരിഗണിക്കുന്നതിന് സെലക്‌ട് കമ്മിറ്റിയെ നിയോഗിക്കാൻ ആവശ്യപ്പെട്ട് ഛദ്ദ അവതരിപ്പിച്ച പ്രമേയത്തിലാണ് എംപിമാരുടെ അനുവാദമില്ലാതെ അവരുടെ പേരുകൾ ചേർത്തത്. വിഷയത്തിൽ അവകാശ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കും വരെയാണ് സസ്‌പെൻഷൻ തുടരുക.
Also Read :Supreme Court| വിദ്വേഷ പ്രസംഗങ്ങൾ അംഗീകരിക്കാനാകില്ല; കേസുകൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി
ചോദ്യം ചോദിച്ചാൽ ആ ശബ്‌ദം അവർ ഇല്ലാതാക്കും : എന്നാൽ, ബിജെപിക്കെതിരെ ശബ്‌ദമുയർത്തിയാൽ എന്ത് സംഭവിക്കും എന്ന സന്ദേശമാണ് തന്‍റെ സസ്‌പെൻഷൻ യുവാക്കൾക്ക് നൽകുന്നതെന്ന് മറ്റൊരു പ്രസ്‌താവനയിലൂടെ ഛദ്ദ പറഞ്ഞു. അവർക്കെതിരെ ചോദ്യങ്ങൾ ഉയർത്തിയാൽ ആ ശബ്‌ദം അവർ ഇല്ലാതാക്കും. ഡൽഹി സർവീസ് ബില്ലിനെക്കുറിച്ചുള്ള പാർലമെന്‍റിലെ തന്‍റെ ചോദ്യങ്ങൾ ബിജെപിയെ ഉത്തരം മുട്ടിച്ചു.
അതുകൊണ്ട് അവർ തന്നെ സസ്‌പെൻഡ് ചെയ്‌തെന്നും രാഘവ് ഛദ്ദ പറഞ്ഞു. ഡൽഹി സേവന ബില്ലുമായി ബന്ധപ്പെട്ട ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയതാണ് ഞാൻ ചെയ്‌ത കുറ്റം. മുൻപ് കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയെ പാർലമെന്‍റിൽ നിന്ന് പുറത്താക്കാൻ ബിജെപി ആസൂത്രണം ചെയ്‌ത അതേ രീതിയിൽ എഎപി എംപിമാരെയും അവർ പുറത്താക്കാൻ ശ്രമിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 24 ന് മുതിർന്ന പാർട്ടി നേതാവ് സഞ്‌ജയ് സിങ്ങിനെയും രാജ്യസഭയിൽ നിന്നും പുറത്താക്കിയിരുന്നു. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ തടസം സൃഷ്‌ടിച്ചതിന്‍റെ പേരിൽ മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയേയും ലോകസഭയിൽ നിന്ന് അടുത്തിടെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Also Read :അധീർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്‌ത സംഭവം: ലോക്‌സഭ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാർട്ടികൾ