ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതിനായി കേന്ദ്രം എന്ത് തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ശിശുരോഗ സേവനങ്ങളും വാക്‌സിൻ ചികിത്സാ പ്രോട്ടോക്കോളും ഉണ്ടായിരിക്കണമെന്നും നിലവിലെ മോദി സിസ്‌റ്റം കുട്ടികൾക്കായി ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. 12 വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ പല രാജ്യങ്ങളും അംഗീകാരം നൽകകിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
അതേ സമയം കോൺഗ്രസ് നേതാവ് ജെയ്‌വർ ഷെർഗിലും കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചു. ഡാർക്ക് ചോക്ലേറ്റ് കഴിക്കുക, ഗോമൂത്രം കുടിക്കുക എന്നിങ്ങനെയുള്ള ഉപദേശങ്ങൾക്കപ്പുറം കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ശിശുരോഗവിദഗ്‌ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.