കതിഹാർ (ബിഹാർ): ദിവസവും മൂന്ന് കിലോ അരി, 4 കിലോ റൊട്ടി, രണ്ട് കിലോ ചിക്കൻ, 1.5 കിലോ മത്സ്യം, മൂന്ന് ലിറ്റർ പാൽ... ഏതെങ്കിലും കടയിലെ കണക്കല്ല. മറിച്ച് ബിഹാറിലെ കതിഹാർ സ്വദേശിയായ റഫീഖ് അദ്‌നാൻ എന്ന 30കാരന്‍റെ ഒരു ദിവസത്തെ ഭക്ഷണമാണ്. റഫീഖിന്‍റെ ഭാരം എത്രയെന്ന് അറിയണ്ടേ? ദിവസവും 14-15 കിലോ ഭക്ഷണപാനീയങ്ങൾ കഴിക്കുന്ന റഫീഖിന്‍റെ ഭാരം 200 കിലോ ആണ്.
കുട്ടിക്കാലം മുതൽ തന്‍റെ ശരീരം ഇങ്ങനെയാണെന്നും എന്നാൽ ഇപ്പോൾ ഭാരം വീണ്ടും കൂടിയെന്നും റഫീഖ് പറയുന്നു. ശരീരത്തിന്‍റെ അമിതഭാരം കാരണം നടക്കാനും റഫീഖിന് ബുദ്ധിമുട്ടുണ്ട്. റഫീഖ് രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും അമിതഭാരം കാരണം രണ്ട് വിവാഹത്തിലും കുട്ടികളില്ല.
'കല്യാണത്തിന് വിളിക്കില്ല': റഫീഖിന്‍റെ ഭക്ഷണശീലം കാരണം ഗ്രാമത്തിലെ ആളുകൾ റഫീഖിനെ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ക്ഷണിക്കാറില്ല. സാധാരണ ബൈക്കുകൾ ഇദ്ദേഹത്തിന്‍റെ ഭാരം താങ്ങാനാകാത്തതിനാൽ ബുള്ളറ്റിലാണ് യാത്ര. എന്നാൽ ബുള്ളറ്റും ഇടയ്ക്കിടയ്ക്ക് നിന്നുപോകാറുണ്ട്. അപ്പോൾ ആളുകളെ വിളിച്ച് വണ്ടി തള്ളിക്കുകയാണ് പതിവ്.