ന്യൂഡല്‍ഹി:റിപ്പബ്ലിക്ക് ദിന പരേഡിന് കൊവിഡ് മങ്ങലേല്‍പ്പിച്ചെങ്കിലും പ്രൗഢി കുറയില്ല. രാജ്യത്തിന്‍റെ സംസ്കാരവും വൈവിധ്യവും സാമൂഹ്യ സാമ്പത്തിക മേഖലകളെയും സ്പർശിക്കുന്ന പരേഡാണ് ഇന്ന് നടക്കുക. വിശിഷ്ട അതിഥി ഇല്ലാത്ത ചടങ്ങ് കൂടിയാണ് ഇത്തവണത്തേത്. റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോന്‍സനെ പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് അദ്ദേഹം സന്ദർശനം റദ്ദാക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് രാജ്യം വിശിഷ്ട അതിഥി ഇല്ലാതെ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്.
സായുധസേനയുടെ പരേഡിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 17 നിശ്ചല ദൃശ്യങ്ങള്‍,വിവിധ വകുപ്പുകളുടെ 9 നിശ്ചല ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ആറ് നിശ്ചല ദൃശ്യങ്ങള്‍ എന്നിവയാണ് പരേഡില്‍ അണിനിരക്കുക. റഫേല്‍ യുദ്ധ വിമാനങ്ങളും ജാഗ്വർ ,മിഗ് -29 വിമാനങ്ങളുടെയും പ്രകടനമാണ് പരേഡിന്‍റെ മുഖ്യ ആകർഷണം. ബംഗ്ലാദേശ് സായുധസേനയും പരേഡില്‍ അണിനിരക്കും. കേന്ദ്രഭരണ പ്രദേശമായ ലഡാക്കും ഇത്തവണ ആദ്യമായി പരേഡില്‍ പങ്കെടുക്കുന്നുണ്ട്.