ബെംഗളൂരു:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരേ സമയം രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് ബിജെപി നേതാക്കളായ ആര്‍. അശോകും വി.സോമണ്ണയും. വരുണയിലും ചാമരാജനഗറിലും വി.സോമണ്ണ കൊമ്പ് കോര്‍ക്കുമ്പോള്‍ ആര്‍. അശോക് കനകപുരയിലും പത്മനാഭനഗറിലുമാണ് മത്സരിക്കുന്നത്. വി. സോമണ്ണയെ വരുണയില്‍ മത്സരിപ്പിച്ചതിന് പിന്നിലെ ബിജെപി തന്ത്രം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സിദ്ധരാമയ്യക്കെതിരെ ശക്തനായ പോരാളി മത്സര രംഗത്തുണ്ടാകണമെന്ന് നിര്‍ബന്ധ ബുദ്ധിയാണ്.
എന്നാല്‍ ചാമരാജനഗറാകട്ടെ വി. സോമണ്ണയ്‌ക്ക് കൂടുതല്‍ വിജയ സാധ്യതയുള്ള മണ്ഡലവുമാണ്. അതേസമയം കോണ്‍ഗ്രസിനെ വീഴ്‌ത്താനുള്ള ലക്ഷ്യത്തോടെയാണ് ആര്‍. അശോകിനെ കനകപുരയിലെ ഡികെ ശിവകുമാറിനൊപ്പം മത്സരിപ്പിച്ചത്. കോണ്‍ഗ്രസ് കോട്ടയായ കനകപുരയിലെ മത്സരത്തില്‍ ഇത് നിര്‍ണായകമായിരിക്കും.
എന്നാല്‍ പത്മനാഭനഗറില്‍ ആര്‍.അശോക് സീറ്റ് നിലനിര്‍ത്തിയേക്കും. എന്നാല്‍ വി.സോമണ്ണയെ സംബന്ധിച്ചിടത്തോളം വരുണയിലെയും ചാമരാജ നഗറിലെയും മത്സരം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. വരുണയില്‍ എതിരാളിയായി സിദ്ധരാമയ്യയാണെങ്കില്‍ ചാമരാജനഗറില്‍ എതിരിടേണ്ടത് പുട്ട രംഗ ഷെട്ടിയെയാണ്.
ഡികെ ശിവകുമാറിന്‍റെ രാഷ്‌ട്രീയ യാത്ര: 1989ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സതനൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് ഡികെ ശിവകുമാര്‍ തന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. 1991 ബംഗാരപ്പയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ശിവകുമാര്‍. 1999 സതനൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് എസ്‌എം കൃഷ്‌ണ മന്ത്രി സഭയില്‍ സഹകരണ മന്ത്രിയായിരുന്നു ഡികെ ശിവകുമാര്‍. 2002ല്‍ നഗരവികസന മന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. 2008, 2013, 2018 എന്നീ വര്‍ഷങ്ങളിലുണ്ടായ തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളിലെല്ലാം ഡികെ ശിവകുമാര്‍ വിജയം കൊയ്‌തിരുന്നു. 2013ൽ സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ഊർജ വകുപ്പും 2018ൽ എച്ച്‌ഡികെ സർക്കാറിന്‍റെ കാലത്ത് ജലവിഭവ മന്ത്രിയുമായിരുന്നു അദ്ദേഹം.
സിദ്ധരാമയ്യയുടെ രാഷ്‌ട്രീയ യാത്ര: 1978ല്‍ താലൂക്ക് വികസന ബോര്‍ഡ് അംഗമായതോടെയാണ് സിദ്ധരാമയ്യ രാഷ്‌ട്രീയ ജീവിതത്തിലേക്ക് ചുവട് വയ്‌ക്കുന്നത്. എന്നാല്‍ 1980ല്‍ മൈസൂരുവില്‍ നിന്ന് ആദ്യമായി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹം 1983ല്‍ ലോക്‌ദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 1996ല്‍ ജെഎച്ച് പട്ടേലിന്‍റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിരുന്നു.1999ല്‍ ജനതാദളിന്‍റെ പിളര്‍ച്ചയോടെ ജെഡിഎസില്‍ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 2006ലാണ് ചാമുണ്ഡേശ്വരിയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ആദ്യമായി രംഗത്തിറങ്ങിയത്. നേരിയ ഭൂരിപക്ഷത്തിലാണ് വിജയം കൊയ്‌തതെങ്കിലും അത് അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതത്തില്‍ ഏറെ നിര്‍ണായകമായിരുന്നു.
സോമണ്ണയുടെ രാഷ്‌ട്രീയ ജീവിതം: കനകപുര താലൂക്കില്‍ ജനിച്ച് ബെംഗളൂരുവിലേക്ക് കുടിയേറിയ വി സോമണ്ണ ബെംഗളൂരുവിലെ മെട്രോപോളിറ്റന്‍ കോര്‍പറേഷനില്‍ അംഗമായതോടെയാണ് തന്‍റെ രാഷ്‌ട്രീയ പ്രയാണം ആരംഭിച്ചത്. കോണ്‍ഗ്രസിനെ വീഴ്‌ത്താനായി ബിജെപി ഇദ്ദേഹത്തെ ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് പോരാട്ടത്തിനിറക്കിയത്.
ആര്‍ അശോകിന്‍റെ രാഷ്‌ട്രീയ ജീവിതം: ബിജെപിയുടെ മുതിര്‍ന്ന നേതാവായ ആര്‍ അശോക് കോണ്‍ഗ്രസിനെതിരെ രണ്ട് മണ്ഡലങ്ങളിലാണ് ഇത്തവണ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഒരിടത്തെങ്കിലും വിജയം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ പ്രചാരണം കൊഴുപ്പിച്ചിരുന്നെങ്കിലും രണ്ടിടങ്ങളിലും പരാജയം നേരിടേണ്ടി വന്നു. ഉത്തരഹള്ളി, പത്മനാഭനഗർ എന്നീ നിയോജക മണ്ഡലങ്ങളില്‍ നിന്ന് നേരത്തെ ആറ് തവണ ഇദ്ദേഹത്തെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1997ല്‍ ഉത്തരഹള്ളി നിയമസഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഏക ബിജെപി സ്ഥാനാര്‍ഥിയും ആര്‍ അശോകായിരുന്നു.