ന്യൂഡല്‍ഹി :ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള "ക്വൊമെഡോകൊൺക്വിസ്" എന്ന വാക്കുമായി റെയില്‍വേ മന്ത്രാലയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യന്‍ റയില്‍വേ ഏതുവിധേനയും പണം സമ്പാദിക്കുമെന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ പരാമര്‍ശിച്ചിരിക്കുന്ന 'ക്വൊമെഡോകൊൺക്വിസ് എന്ന വാക്കിനര്‍ഥം.
റെയില്‍വേയ്ക്ക് പരിഹാസം : 2020ല്‍ രാജ്യത്തുണ്ടായ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 60 വയസിന് മുകളിലുള്ളവര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള സംവരണം ഒഴിവാക്കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി കുറഞ്ഞിട്ടും ഇവര്‍ക്കുള്ള യാത്ര ഇളവുകള്‍ക്കായുള്ള ആവശ്യം ഉയര്‍ന്നിട്ടും ഇത് പൂര്‍വസ്ഥിതിയിലാക്കാത്തതിനെ തുടര്‍ന്നാണ് കടിച്ചാല്‍ പൊട്ടാത്ത പദ പ്രയോഗവുമായി ശശി തരൂര്‍ റെയില്‍വേ മന്ത്രാലയത്തെ പരിഹസിച്ചിരിക്കുന്നത്. 'സീനിയർ സിറ്റിസൺസ് കൺസെഷൻ' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് അദ്ദേഹം റെയിൽവേ മന്ത്രാലയത്തെ ടാഗ് ചെയ്തിട്ടുമുണ്ട്.
കടുകട്ടി പദപ്രയോഗം ഇത് ആദ്യമല്ല : ഇതിന് മുമ്പും ഇതുപോലുള്ള വാക്കുകളുമായി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'പ്ലേ പോസം' എന്ന അപൂര്‍വ വാക്കും ശശി തരൂര്‍ പ്രയോഗിച്ചിരുന്നു."പ്ലേ പോസം" എന്നാല്‍ ഉറങ്ങുകയോ അല്ലെങ്കില്‍ അബോധാവസ്ഥയിലാണെന്ന് നടിക്കുകയോ ചെയ്യുകയെന്നാണ്. തന്‍റെ അനുയായികള്‍ അതിക്രമം നടത്തുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി എന്തിനാണ് പ്ലോസം നടിക്കുന്നത് എന്നാണ് ശശി തരൂര്‍ മുമ്പ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത്തരം വാക്കുകളും പദപ്രയോഗങ്ങളും യഥാര്‍ഥത്തില്‍ നിലവിലുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ എഴുത്തുകാരനും രാഷ്‌ട്രീയക്കാരനുമായ വാഡ്‌സ്മിത്ത് ശ്രമിക്കുകയായിരുന്നു.