ബെംഗളൂരു: കൊവിഡ് രോഗികളുടെ മരണത്തെ തുടർന്ന് അനേകൽ നഗരത്തിലെ പ്രമുഖ ആശുപത്രിയായ ഓക്‌സ്ഫോർഡിനെതിരെ ഗുരുതര ആരോപണങ്ങൾ. രണ്ട് പേരുടെ മരണമാണ് ആശുപത്രിക്കെതിരായ ആരോപണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. 28 വയസുകാരനായ യുവാവ് മരണത്തിന് തൊട്ടുമുൻപ് പകർത്തിയ വീഡിയോയിൽ തന്നെ ആശുപത്രി അധികൃതർ വേണ്ടവണ്ണം പരിചരിക്കുന്നില്ലെന്നും ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ യുവാവിന്‍റെ മാതാവും സമാനമായ ഒരു വീഡിയോ പങ്ക് വെച്ചിരുന്നു. ആശുപത്രി അധികൃതർ തന്‍റെ മകനെ മരണത്തിലേക്ക് അറിഞ്ഞുകൊണ്ട് തള്ളിവിടുകയാണെന്നും മകൻ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകണം എന്ന് ആവശ്യപ്പെടുന്നുണ്ട് എന്നുമാണ് വീഡിയോയിൽ മാതാവ് പറയുന്നത്.
കൊവിഡ് രോഗികളുടെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം ഉയരുന്നു മറ്റൊരു കൊവിഡ് രോഗി ആശുപത്രി കിടക്കയിൽ നിന്നും താഴെ വീണ് നാല് മണിക്കൂറിന് ശേഷവും അധികൃതർ തിരിഞ്ഞുനോക്കിയിരുന്നില്ല എന്നും ആരോപണം ഉയരുന്നുണ്ട്. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ മരിച്ചു. രോഗി താഴെ വീണ് സഹായത്തിനായി അപേക്ഷിക്കുന്ന ദൃശ്യങ്ങൾ ആശുപത്രിയിലെ മറ്റൊരു രോഗി പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളോടെ ആശുപത്രിക്കെതിരായ ജനരോഷം ഉയരുകയാണ്.
കർണാടകയില്‍ നിയന്ത്രണം കടുപ്പിക്കുന്നു
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. ഈ കാര്യത്തിൽ അവസാന തീരുമാനം തിങ്കളാഴ്‌ചത്തെ മന്ത്രിസഭയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സംസ്ഥാനം ആശുപത്രി കിടക്കകളുടെ കുറവ് നേരിടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതിനാൽ ലഭ്യമായ കിടക്കകളുടെ എണ്ണത്തിൽ കുറവ് നേരിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍റെ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് വ്യക്തമാക്കി. സംസ്ഥാനത്ത് വാരാന്ത്യ കർഫ്യു തുടരണമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളതെന്ന് ചീഫ് സെക്രട്ടറി പി. രവി കുമാർ പറഞ്ഞു.
കൂടുതൽ വായനയ്ക്ക് :ബെംഗളൂരുവിൽ 29,438 പേർക്ക് കൂടി കൊവിഡ് ; 208 മരണം