പുഷ്‌പയ്‌ക്ക് ശേഷം രണ്ടാം ഭാഗമായ 'പുഷ്‌പ ദി റൂളി'നായുള്ള (Pushpa The Rule) കാത്തിരിപ്പിലാണ് അല്ലു അര്‍ജുന്‍ ആരാധകര്‍. 'പുഷ്‌പ ദി റൂളി'ന്‍റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ (Pushpa The Rule shooting at Ramoji Film City) പുരോഗമിക്കവെ അപ്രതീക്ഷിതമായി സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.
ചിത്രത്തിലെ ഗാനവും സംഘട്ടന രംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട രംഗങ്ങളുടെ ചിത്രീകരണം ഫിലിം സിറ്റിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിംഗ് മുടങ്ങിയത്. അല്ലു അര്‍ജുന്‍റെ ആരോഗ്യം സംബന്ധിച്ചാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അർജുന് കടുത്ത നടു വേദനയെ തുടര്‍ന്ന് തുടര്‍ന്ന് ചിത്രീകരണം ഡിസംബർ രണ്ടാം വാരത്തിലേയ്‌ക്ക് മാറ്റിവച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.
Also Read:Pushpa 2 Release Date Announced കൊമ്പുകോർക്കാൻ അവർ വരികയായി; 'പുഷ്‍പ 2' റിലീസ് തീയതി പ്രഖ്യാപിച്ചു
അതേസമയം ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും അല്ലു അര്‍ജുന്‍ ചിത്രീകരണം തുടരാന്‍ തയ്യാറായിരുന്നു. എന്നാല്‍ സംവിധായകൻ സുകുമാർ താരത്തിന്‍റെ ആരോഗ്യത്തിന് മുൻഗണന നൽകി ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കുകയായിരുന്നു. താരത്തോടടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നേരത്തെ തന്നെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. വ്യത്യസ്‌ത ഗെറ്റപ്പില്‍ ഫസ്‌റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട അല്ലു അര്‍ജുന്‍റെ സ്‌ത്രീ - പുരുഷ ഭാഗിക അവതാരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പട്ടു സാരി ചുറ്റി കമ്മലും വളകളും മോതിരങ്ങളും അണിഞ്ഞ് ശരീരമാസകലം നീല നിറത്തില്‍ കാണപ്പെട്ട അല്ലു അര്‍ജുന്‍റെ അവതാരം തിരുപ്പതിയിലെ ഗംഗമ്മ തല്ലി ഉത്സവത്തെ പ്രതിനിധീകരിക്കുന്നതാണ്.