ഡെറാഡൂണ്‍ : ബിജെപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഉത്തരാഖണ്ഡിലെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായി പുഷ്കർ സിങ് ധാമി സത്യപ്രതിജ്ഞ ചെയ്തു. ഖതിമ നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ എംഎൽഎ ആയ പുഷ്‌കർ സിങ് ധാമി ആദ്യമായാണ് സംസ്ഥാന മന്ത്രിസഭയിലെത്തുന്നത്.
ഉത്തരാഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന റെക്കോഡും ധാമി സ്വന്തം പേരിലാക്കി. നാല് മാസത്തിനിടെ സംസ്ഥാനത്ത് സത്യ പ്രതിജ്ഞ ചെയ്യുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ഇദ്ദേഹം.
'ഒരു സാധാരണ പാർട്ടി പ്രവർത്തകന് സംസ്ഥാനത്തെ സേവിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ഇതില്‍ ഹൈക്കമാൻഡിനോട് നന്ദിയുണ്ടെന്ന് ധാമി പ്രതികരിച്ചു.
പുഷ്‌കർ സിങ് ധാമി
സൈനികന്‍റെ മകനായി 1975ല്‍ ആണ് പുഷ്കർ സിങ് ധാമിയുടെ ജനനം. പിത്തോഗർ ജില്ലയിലെ കനാലിചിന ഗ്രാമമാണ് ജന്മസ്ഥലം. നിയമത്തില്‍ ബിരുദം നേടിയ ധാമി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ (ആർഎസ്‌എസ്) ഭാഗമായി പ്രവര്‍ത്തിച്ചു.
അഖില ഭാരതീയ വിദ്യാർഥി പരിഷത്തിലും (എബിവിപി) അംഗമായിരുന്നു. 2002 നും 2008 നും ഇടയിൽ രണ്ടുതവണ ഉത്തരാഖണ്ഡ് യുവ മോർച്ചയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കും ധാമി തെരഞ്ഞെടുക്കപ്പെട്ടു.
also read:ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് രാജിവച്ചു
വെള്ളിയാഴ്ച രാജിവച്ച തിരാത്ത് സിങ് റാവത്തിന് പകരക്കാരനായാണ് ധാമി അധികാരമേൽക്കുന്നത്. ഇരുവരും ഒരേ മേഖലയില്‍ നിന്നുള്ളവരാണ്. തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് മുഖ്യമന്ത്രിമാരും ഗർവാൾ മേഖലയിൽ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്.
തിരാത്ത് സിങ് റാവത്ത് വെള്ളിയാഴ്ച സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണം. ഡെറാഡൂണിൽ ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുഷ്‌കർ സിങ് ധാമി തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് തൊട്ടരികെ
അഞ്ച് വര്‍ഷം പൂർത്തിയാക്കാൻ മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഉത്തരാഖണ്ഡ് സർക്കാരില്‍ തുടർച്ചയായി മുഖ്യമന്ത്രിമാര്‍ മാറുന്നത്. 70 അംഗ നിയമസഭയിൽ 57 സീറ്റുകൾ നേടിയാണ് 2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത്. 2022 ആദ്യമാണ് അടുത്ത തെരഞ്ഞെടുപ്പ്.
ഉത്തരാഖണ്ഡ് മന്ത്രിസഭ ഉടൻ വിപുലീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാര്‍ട്ടിയിലെ ചേരിപ്പോരിനെ തുടര്‍ന്നാണ് തുടർച്ചയായി മുഖ്യമന്ത്രിമാരെ മാറ്റാന്‍ കേന്ദ്രനേതൃത്വം നിര്‍ബന്ധിതരായത്. എന്നാല്‍ ഇത് നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് രംഗത്തെത്തിയിരുന്നു.