ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കർ സിങ് ധാമി തുടരും. ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന നിയമസഭാകക്ഷി യോഗത്തിലാണ് പ്രഖ്യാപനം. കേന്ദ്ര നിരീക്ഷകരായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുതിര്‍ന്ന നേതാവ് മീനാക്ഷി ലേഖി, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിയ്ക്കുന്ന പ്രഹ്ളാദ് ജോഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മാര്‍ച്ച് 23ന് ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ ഖാട്ടിമയില്‍ ധാമി പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി പദത്തില്‍ തുടരുന്ന കാര്യം അനിശ്ചിതത്വത്തിലായത്. 2012 മുതല്‍ ജയിച്ചുവന്നിരുന്ന മണ്ഡലത്തിലാണ് ധാമി 6,500 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയം ഏറ്റുവാങ്ങിയത്. എന്നാല്‍ ബിജെപിക്ക് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടാനായത് ധാമിക്ക് അനുകൂലമായി. 70 അംഗ നിയമസഭയില്‍ 47 ഇടത്ത് ജയിച്ചാണ് ബിജെപി ഉത്തരാഖണ്ഡില്‍ അധികാരം നിലനിര്‍ത്തിയത്.