മുംബൈ:വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗറിന്‍റെ പരാജയത്തെ തുടര്‍ന്ന് സംവിധായകന്‍ പുരി ജഗന്നാഥ് പ്രതിസന്ധിയില്‍. സിനിമയുടെ വിതരണക്കാരും എക്‌സിബിറ്റേഴ്‌സും തങ്ങള്‍ക്ക് സാമ്പത്തിക നഷ്‌ടം സംഭവിച്ചുവെന്നും മുടക്കിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പുരി ജഗന്നാഥ് ജൂബിലി ഹില്‍സ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുരി ജഗന്നാഥിന്‍റെ വസതിയില്‍ പൊലീസ് സുരക്ഷയൊരുക്കിയിരിക്കുകയാണ്.
ലൈഗര്‍ സിനിമയുടെ പരാജയം; സംവിധായകന് ഭീഷണി, സുരക്ഷയൊരുക്കി പൊലീസ്
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗറിന്‍റെ പരാജയത്തെ തുടര്‍ന്ന് വിതരണക്കാരും എക്‌സിബിറ്റേഴ്‌സും തന്നെ ഭീഷണിപ്പെടുത്തുന്നതായി സംവിധായകന്‍ ജൂബിലി ഹില്‍സ് പൊലീസില്‍ പരാതി നല്‍കി
ഏറെ പ്രതീക്ഷകളോടെ ഓഗസ്‌റ്റ് 25ന് റിലീസ് ചെയ്‌ത ചിത്രമായിരുന്നു ലൈഗര്‍. ആദ്യ ദിനം റെക്കോഡ് വരുമാനം നേടിയെങ്കിലും രണ്ടാം ദിനമായപ്പോള്‍ വരുമാനം ഇടിഞ്ഞു തുടങ്ങിയിരുന്നു. ചിത്രം ഒരാഴ്‌ച പിന്നിട്ടപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ ഒട്ടേറെ ഷോകള്‍ റദ്ദാക്കുകയും ചെയ്‌തു.
ഇതോടെ സിനിമയ്‌ക്കായി നിക്ഷേപിച്ച തുകയുടെ 65 ശതമാനത്തിലേറെ നഷ്‌ടം സംഭവിച്ചിരുന്നു. വിതരണക്കാര്‍ക്ക് നഷ്‌ടപരിഹാരം നല്‍കാമെന്ന് സംവിധായകന്‍ പുരി ജഗന്നാഥ് വാക്ക് നല്‍കിയിരുന്നതായിരുന്നു. തങ്ങള്‍ക്ക് സംഭവിച്ച 18 കോടി രൂപയുടെ നഷ്‌ടം പുരി ജഗന്നാഥ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വിതരണക്കാരനായ നൈസാം, സാമ്പത്തിക ഇടപാടുകാരായ വാറങ്കല്‍ സീനു, ഷോബന്‍ ബാബു എന്നിവരാണ് പുരി ജഗന്നാഥിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നത്.