ചണ്ഡിഗഡ് :പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ രാഹുൽ ഗാന്ധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, അദ്ദേഹത്തിന്‍റെ തീരുമാനം എല്ലാവരും അനുസരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു. വെർച്വൽ റാലി നടത്താനും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുമായി രാഹുൽ ഗാന്ധി ഞായറാഴ്‌ച ലുധിയാനയിലെത്തിയ സാഹചര്യത്തിലാണ് സിദ്ദുവിന്‍റെ പ്രതികരണം.
'വ്യക്തമായ തീരുമാനങ്ങളില്ലാതെ മഹത്തായ ഒന്നും നേടാനാകില്ല. പഞ്ചാബിന് വ്യക്തത നൽകാൻ എത്തിയ നമ്മുടെ വഴികാട്ടിയായ രാഹുൽജിക്ക് ഊഷ്മളമായ സ്വാഗതം. എല്ലാവരും അദ്ദേഹത്തിന്‍റെ തീരുമാനം അനുസരിക്കും.'- സിദ്ദു ട്വിറ്ററിൽ കുറിച്ചു.
നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെയും മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെയും പേരാണ് നിലവിൽ മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിലേക്ക് ഉയർന്നുകേൾക്കുന്നത്. പാർട്ടി തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് ഇരുവരും ഇതിനോടകം രാഹുൽ ഗാന്ധിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ സമ്പന്നമായ ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന ഒരു മുഖമാണ് പഞ്ചാബിന് ആവശ്യമെന്ന് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിങ് രൺധാവ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനെത്തിയ രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
ALSO READ:Assembly Election| നിയമസഭ തെരഞ്ഞെടുപ്പ്; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍
ജനുവരി 27ന് തന്‍റെ അവസാന പഞ്ചാബ് സന്ദർശന വേളയിൽ ലുധിയാനയിൽ നടന്ന ഒരു വെർച്വൽ റാലിയിൽ, കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും പാർട്ടി പ്രവർത്തകരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. കോൺഗ്രസ് നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും പ്രതികരണം സ്വീകരിക്കുന്നതിനോടൊപ്പം തന്നെ അഭിപ്രായ വോട്ടെടുപ്പിലൂടെ പൊതുജനങ്ങളുടെയും താൽപര്യം ആരാഞ്ഞു.
60 എംഎൽഎമാരെ വിജയിപ്പിക്കാൻ ആർക്കാണ് ശക്തിയെന്ന് വരാനിരിക്കുന്ന പ്രഖ്യാപനം തീരുമാനിക്കുമെന്ന് ഒരു പാർട്ടിയുടെയും പേര് എടുത്തുപറയാതെ ശനിയാഴ്‌ച സിദ്ദു പറഞ്ഞിരുന്നു. പഞ്ചാബിന് വേണ്ടി കൃത്യമായ മാർഗരേഖയുള്ള, ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന ഒരാൾക്ക് മാത്രമേ 60 മത്സരാർഥികളെ നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കാൻ കഴിയൂ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. വോട്ടെണ്ണൽ മാർച്ച് 10നാണ്.