കേരളം

kerala

ETV Bharat / bharat

ചരൺജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും; പരിഹാസവുമായി കെജ്‌രിവാൾ - പഞ്ചാബ് തെരഞ്ഞെടുപ്പ്

ബദൗർ, ചാംകൗർ സാഹിബ് മണ്ഡലങ്ങളിൽ നിന്നാണ് ചന്നി വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Punjab polls  Channi set to contest from two seats  charanjit singh channi punjab election  punjab election congress candidates list  പഞ്ചാബ് തെരഞ്ഞെടുപ്പ്  ചരൺജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും
പഞ്ചാബിൽ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങി ചരൺജിത് സിങ് ചന്നി

By

Published : Jan 31, 2022, 9:40 AM IST

ചണ്ഡീഗഢ്: പഞ്ചാബ് നിലനിർത്താൻ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്. പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുകയാണ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. സ്ഥാനാർഥികളുടെ മൂന്നാം ഘട്ട ലിസ്റ്റിലാണ് ചന്നി രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കിയത്.

പരിഹസിച്ച് കെജ്‌രിവാൾ

ബദൗർ, ചാംകൗർ സാഹിബ് മണ്ഡലങ്ങളിൽ നിന്നാണ് ചന്നി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ് പുതിയ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിനെ തുടർന്ന് പരിഹാസവുമായി ആം ആദ്‌മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സർവേ പ്രകാരം ചാംകൗർ സാഹിബ് മണ്ഡലത്തിൽ നിന്ന് ചന്നി തോൽക്കുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും പുറത്തുവിട്ട പുതിയ സർവേയിൽ ചരൺജിത് സിങ് ചന്നിയെ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനം സർവേ ശരിവയ്‌ക്കുന്നതാണെന്നും കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിങ്ങിനെതിരെ മുൻ പട്യാല മേയറായിരുന്ന വിഷ്‌ണു ശർമയെ പട്യാല മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനുള്ള കരുനീക്കങ്ങളും കോൺഗ്രസിൽ ആരംഭിച്ചു കഴിഞ്ഞു. ഒരു കാലത്ത് അമരീന്ദർ സിങ്ങിന്‍റെ വിശ്വസ്‌തനായിരുന്നു വിഷ്‌ണു ശർമ. മുൻ കേന്ദ്രമന്ത്രി പവൻ കുമാർ ബൻസാലിന്‍റെ മകൻ മനീഷ് ബൻസാൽ ബർണാല നിയമസഭ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.

ആം ആദ്‌മി പാർട്ടി, ശിരോമണി അകാലിദൾ- ബിഎസ്‌പി സഖ്യം, അമരീന്ദർ സിങ്ങിന്‍റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ്- ബിജെപി സഖ്യം എന്നിവർക്കെതിരെ മത്സരിച്ച് പഞ്ചാബിൽ ഭരണം നിലനിർത്താനാണ് കോൺഗ്രസിന്‍റെ ശ്രമം. ഫെബ്രുവരി 20നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുക. മാർച്ച് 10ന് ഫലപ്രഖ്യാപനം നടക്കും.

Also Read: പാർലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ

ABOUT THE AUTHOR

...view details