ചണ്ഡീഗഡ്: അതിർത്തികടന്ന് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന രണ്ട് പ്രധാന പ്രതികളെ പഞ്ചാബ് പൊലീസ് പിടികൂടി. കഴിഞ്ഞ മൂന്ന് വർഷമായി മയക്കുമരുന്ന് കടത്ത് നടത്തുന്ന അമൃത്‌സർ, ഗരിന്ദ സ്വദേശികളായ ദൽബീർ, ജഗദീഷ് എന്നിവരാണ് പിടിയിലായത്. പത്ത് കിലോ ഹെറോയിനും ഒരു ഹൈടെക് ഡ്രോണും സഹിതമാണ് പൊലീസ് ഇവരെ പിടികൂടിയത്.
മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ നിർദേശപ്രകാരമാണ് മയക്കുമരുന്ന് വേട്ട പൊലീസ് ആരംഭിച്ചത്. ഈ അന്വേഷണത്തിലൂടെ മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയ്‌ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. വലിയൊരു സംഘത്തെ കുറിച്ചുള്ള വിവരമാണ് വെളിപ്പെട്ടതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
ഡ്രോണുകളുടെ സഹായത്തോടെ അതിർത്തി കടന്ന് ഹരിയാന, ഡൽഹി എന്നിവിടങ്ങളിലേയ്‌ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുകയായിരുന്ന സംഘത്തെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്എസ്‌പി സ്വപൻ ശർമയുടെ നേതൃത്വത്തിൽ അമൃത്സർ റൂറൽ പൊലീസ് വിജയകരമായി പിടികൂടിയതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. രണ്ട് കള്ളക്കടത്തുകാരിൽ നിന്നും കണ്ടെടുത്തത് ഏറ്റവും പുതിയ അമേരിക്കൻ ഡ്രോണുകളാണ്. 20 ലക്ഷം രൂപ വില വരുന്നതും ദീർഘകാല ബാറ്ററി ബാക്കപ്പ്, ഇൻഫ്രാറെഡ് അധിഷ്‌ഠിത നൈറ്റ് വിഷൻ കാമറ തുടങ്ങിയ ഹൈടെക് ഫീച്ചറുകളുള്ളതുമാണ് ഈ ഡ്രോണുകൾ.
ഒരു മാസത്തിനിടെ കണ്ടെടുത്ത അഞ്ചാമത്തെ ഡ്രോണാണിത്. പ്രതികൾക്ക് അയൽ സംസ്ഥാനങ്ങളിൽ സുസ്ഥിരമായ വിതരണ ശൃംഖലയുണ്ടെന്നും അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലും ഡൽഹിയിലുമായി 12 സ്ഥലങ്ങളിൽ പൊലീസ് സംഘം റെയ്‌ഡ് നടത്തുന്നുണ്ടെന്നും ഇവയിൽ നിന്ന് കൂടുതൽ മയക്കുമരുന്ന് കണ്ടെടുക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുമായി ബന്ധപ്പെട്ട് ഗരിന്ദ പൊലീസ് സ്റ്റേഷനിൽ എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 21, 23 പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 39 കിലോ ഹെറോയിനാണ് അമൃത്‌സർ പൊലീസ് പിടികൂടിയത്.